നീലേശ്വരം: കോവിഡ് വൈറസിനേക്കാൾ മാരകമാണ് ബി.ജെ.പി, ആർ.എസ്.എസ് നയങ്ങളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇടതു മുന്നണി സ്ഥാനാർഥി ഇ. ചന്ദ്രശേഖരെൻറ തെരഞ്ഞെടുപ്പ് പൊതുയോഗം ചോയ്യങ്കോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്. കോവിഡ് കാലത്ത് 12 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. ഒമ്പത് ടൺ ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുമ്പോഴും പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവക്ക് കേന്ദ്ര സർക്കാർ വില കുത്തനെ കൂട്ടി. ഇന്ത്യയിലെ 54 ശതമാനം െചലവ് ഭക്ഷ്യവസ്തുക്കൾക്കാണ്. ഇടതു മുന്നണിയുടെ കരുത്ത് സ്ത്രീകളാണ്. മഹാമാരികളുടെ കാലത്ത് സ്ത്രീകൾക്കാണ് ഏറെ വിഷമം നേരിട്ടത്. കേരളത്തിൽ കോവിഡ് മഹാമാരിക്കിടയിലും ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചപ്പോൾ കേന്ദ്രം ഒരു രൂപപോലും വർധിപ്പിച്ചില്ല. 38000 കോടി രൂപയുടെ എൻ.ആർ.ഇ.ജി ഫണ്ട് തടസ്സപ്പെടുത്തുകയാണ് ചെയ്തത്. സൗജന്യ കോവിഡ് ചികിത്സ നൽകിയത് കേരളത്തിൽ മാത്രമാണ്. കോൺഗ്രസിെൻറതും ബി.ജെ.പിയുടെതും ഒരേ നയം തന്നെയാണ്.
കോൺഗ്രസും ബി.ജെ.പിയും ചിന്തിച്ച് തലപുകച്ച് അവരുടെ സമനില തെറ്റിയിരിക്കുകയാണ്. നുണ നിർമാണ മെഷീൻ ഇപ്പോൾ ചെന്നിത്തലയുടെ വീട്ടിലാണുള്ളത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന ബി.ജെ.പിയുടെയും ശക്തി ക്ഷയിക്കുകയാണ്. കോൺഗ്രസിെൻറ ഇന്നത്തെ അവസ്ഥ ഇന്ന് ഉപ്പുവെച്ച കലംപോലെയാണെന്നും വൃന്ദ പറഞ്ഞു. യോഗത്തിൽ കരപ്പാത്ത് ഭരതൻ അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു, രാഘവൻ കൂലേരി, എം.വി. ബാലകൃഷ്ണൻ, ടി.കെ. രവി, ടി.വി. ശാന്ത, പി. ബേബി, കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
കോവിഡ് വൈറസിനേക്കാൾ മാരകമാണ് ബി.ജെ.പി നയങ്ങൾ –വൃന്ദ കാരാട്ട്
പടന്ന: ചെന്നിത്തലയുടെ നുണ മെഷീൻ റീചാർജ് ചെയ്യുന്നത് ബി.ജെ.പിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട് പറഞ്ഞു. ഉദിനൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാവിലെ ഉണർന്നാൽ വീട്ടിലെ നുണ മെഷീനിൽ നിന്നും നുണ ഉൽപാദിപ്പിച്ച് പ്രചരിപ്പിക്കുകയാണ്. എന്നാൽ, ആ നുണകൾക്കെല്ലാം നിമിഷനേരങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടാവുന്നത്. വികസനമില്ല എന്നാണ് യു.ഡി.എഫും ബി.ജെ.പിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർ ചെയ്യേണ്ടത് ഒരു വാഹനത്തിൽ കയറി കേരളത്തിലെ സ്കൂൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ പോയി അവയൊക്കെ ഒന്ന് സന്ദർശിക്കണം. അപ്പോഴറിയാം കേരളത്തിെൻറ മാറ്റം. ഇന്ത്യയിലെ കോൺഗ്രസിെൻറ അവസ്ഥ ഉപ്പുവെച്ച കലം പോലെയായി. കേരളത്തിൽ ഇപ്പോൾ അലയടിക്കുന്നത് ഒറ്റ മുദ്രാവാക്യം 'ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് പിണറായി വിജയൻ' എന്ന് മാത്രമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
വി.കെ. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, സ്ഥാനാർഥി എം. രാജഗോപാലൻ, വി.വി. കൃഷ്ണൻ, സാബു എബ്രഹാം, പി. ജനാർദനൻ, പി.സി. ഗോപാലകൃഷ്ണൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. രാഷ്ട്രീയ പൂരക്കളി, തിരുവാതിര, തെരുവുനാടകങ്ങൾ, ഫ്ലാഷ്മോബ് എന്നീ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.