നടാല്‍ റെയിൽവേ ഗേറ്റ്

എന്നുവരും നടാൽ, താഴെചൊവ്വ മേൽപാലങ്ങൾ?

കണ്ണൂർ: ദേശീയപാതയിൽ താഴെചൊവ്വ, നടാൽ മേൽപാലങ്ങൾക്കായുള്ള കാത്തിരിപ്പ് ഇനിയും തുടരും. സംസ്ഥാനത്ത് 27 മേൽപാലങ്ങൾക്ക് കേരള റെയിൽ വികസന കോർപറേഷൻ ഈയിടെ അനുമതി നൽകിയപ്പോഴും പട്ടികയിൽ ഇവ രണ്ടുമില്ല. താഴെ ചൊവ്വയിലും നാടാലിലും റെയിൽവേ മേൽപാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

നടാൽ -താഴെ ചൊവ്വ ബൈപാസ് റോഡ് വന്നുവെങ്കിലും രണ്ടു ലെവൽ ക്രോസുകളിലും വാഹനത്തിരക്കിന് കുറവില്ല. ഗേറ്റ് അടച്ചുകഴിഞ്ഞാൽ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇത് എപ്പോഴും ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. രണ്ടും മൂന്നും ട്രെയിനുകൾ കടന്നുപോകുന്നതിനായി ഏറെ നേരമാണ് ഗേറ്റുകൾ അടച്ചിടുന്നത്. അപ്പോൾ ഗേറ്റിന് മുന്നിൽ കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നിര പലപ്പോഴും താഴെചൊവ്വ ടൗണിലേക്ക് നീളും. ഇത് താഴെചൊവ്വ ടൗണിലുണ്ടാക്കുന്ന കുരുക്ക് ചില്ലറയല്ല. സമാനമാണ് നടാലിലെയും അവസ്ഥ.

ഗേറ്റ് തുറക്കാൻ കാത്ത് കിഴക്ക് ഭാഗത്ത് കാത്തുകിടക്കുന്ന വാഹനങ്ങളുടെ നിര കാരണം ബൈപാസ് റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ പോലും കുരുക്കിലാകും. ഓരോ തവണ ഗേറ്റ് അടക്കുമ്പോഴും ഇതാണ് അവസ്ഥ. എല്ലാ വർഷത്തെയും ബജറ്റിൽ താഴെചൊവ്വയിലും നടാലിലും മേൽപാലത്തിന് തുക വകയിരുത്താറുണ്ടെങ്കിലും നടപ്പിലാകാറില്ല. വർഷങ്ങൾക്ക് മുമ്പ് രണ്ടിടത്തും മേൽപാലത്തിനായി സ്ഥലമെടുപ്പ് സർവേ നടത്തി അടയാളമിട്ടിരുന്നു.

താഴെചൊവ്വ റെയിൽവേ ഗേറ്റിലെ തിരക്ക്

എന്നാൽ, തുടർനടപടികളുണ്ടായില്ല. നിർദിഷ്ട കണ്ണൂർ ബൈപാസ് പദ്ധതി പ്രഖ്യാപിച്ചതോടെ മേൽപാലം പദ്ധതികൾ വേണ്ടെന്നുവെച്ച നിലയാണ്. കണ്ണൂർ ബൈപാസ് പദ്ധതി യാഥാർഥ്യമായാലും നടാലിനും താഴെചൊവ്വക്കും ഇടയിലുള്ള കിഴുത്തള്ളി, തോട്ടട, ചിറക്കുതാഴെ, നടാൽ, കിഴുന്ന, കുറ്റിക്കകം മുനമ്പ്, ഏഴര പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ, തലശ്ശേരി നഗരങ്ങളിലെത്താൻ റെയിൽവേ ഗേറ്റിന് മുന്നിൽ ഏറെനേരം കാത്തുനിൽക്കേണ്ടി വരും.

റെയിൽപാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവക്കുശേഷം ഇടക്കിടെ ട്രെയിനുകൾ കടന്നുപോകുന്നത് റൂട്ടിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. നടാലിൽ മുമ്പ് തുറന്നിട്ട ഗേറ്റിലൂടെ എൻജിൻ കടന്നുപോയതും അതേത്തുടർന്നുള്ള മുൻകരുതൽ നടപടികളുമെല്ലാം കാത്തിരിപ്പി‍െൻറ ദൈർഘ്യമേറ്റിയെന്നാണ് നാട്ടുകാർ പറയുന്നത്. ട്രെയിൻ ഗേറ്റ് കടന്നാലും നിശ്ചിത ദൂരം പിന്നിട്ട ശേഷം മാത്രം ഗേറ്റ് തുറന്നാൽ മതിയെന്ന പ്രത്യേക നിർദേശം കാരണം നടാലിൽ വാഹനങ്ങൾ ട്രെയിൻ പോയതിനു ശേഷവും മിനിറ്റുകൾ കാത്തിരിക്കേണ്ട നിലയാണ്.

കണ്ണൂരിന് കിട്ടിയത് ഏഴു പാലങ്ങൾ

കേരള റെയിൽ വികസന കോർപറേഷൻ പാസാക്കിയ 27 റെയിൽവേ മേൽപാലങ്ങളിൽ കണ്ണൂരിന് കിട്ടിയത് ഏഴെണ്ണമാണ്. അനുമതി ലഭിച്ച ലെവൽ ക്രോസുകൾ ഇവയാണ്. 1. മാഹിക്കും തലശ്ശേരിക്കും ഇടയിലെ മാക്കൂട്ടം ലെവൽ ക്രോസ്, 2. തലശ്ശേരി -എടക്കാട് സ്റ്റേഷനുകൾക്കിടയിലെ മുഴപ്പിലങ്ങാട് കുളം ബീച്ച് റോഡ് ലെവൽ ക്രോസ്, 3. എടക്കാട് -കണ്ണൂർ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ -സിറ്റി റോഡ് ലെവൽ ക്രോസ്, 4. കണ്ണൂർ - വളപട്ടണം സ്റ്റേഷനുകൾക്കിടയിലെ പന്നേൻപാറ റോഡ് ലെവൽ ക്രോസ്, 5. പാപ്പിനിശ്ശേരി -കണ്ണപുരം സ്റ്റേഷനുകൾക്കിടയിലെ ചൈനാക്ലേ റോഡ് ലെവൽ ക്രോസ്, 6. കണ്ണപുരത്തിനും പഴയങ്ങാടിക്കും ഇടയിലുള്ള ചെറുകുന്ന് കോൺവെന്‍റ് ലേവൽ ക്രോസ്, 7. പഴയങ്ങാടിക്കും പയ്യന്നൂരിനും ഇടയിലെ ഏഴിമല റെയിൽവേ സ്റ്റേഷൻ ലെവൽ ക്രോസ്.

Tags:    
News Summary - Will there ever be Nadal, Thazhe Chovva flyovers?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.