കണ്ണൂരിലും വോട്ട് ചോരി ?

കണ്ണൂർ: എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അവസരം മുതലെടുത്ത് കണ്ണൂരിൽ വ്യാപകമായി ഇതര സംസ്ഥാനക്കാരുടെ പേര് ചേർക്കുന്നു. ജില്ലയിൽ ഇതുവരെ 2,19,239 പുതിയ വോട്ടിനുള്ള അപേക്ഷകളാണ് ലഭിച്ചത്. 99,790 വോട്ട്‌ ഇതിനകം കൂട്ടിച്ചേർത്തു കഴിഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നുവർഷം പിന്നിട്ടപ്പോൾ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ജില്ലയിൽ 90,083 വോട്ടുകൾ മാത്രമാണ്‌ കൂടിയത്‌. ലോക്സഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒന്നരവർഷം കഴിയുമ്പോഴേക്കും 2.19 ലക്ഷം പുതിയ അപേക്ഷ ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം രംഗത്തെത്തി.

വോട്ടുചേർക്കുന്ന രജിസ്ട്രേഡ്‌ മൊബൈൽ നമ്പറിൽ, ഉടമ അറിയാതെ ഇതര സംസ്ഥാനങ്ങളിലെ വോട്ടർമാർ അടക്കം വോട്ടുചേർത്തതായി സി.പി.എം പറഞ്ഞു. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 204, 207 ബൂത്തിൽ എൽ.ഡി.എഫ്‌ പ്രവർത്തകർ സ്വന്തം മൊബൈൽ ഫോണിൽ ഒ.ടി.പി നൽകി ചേർത്ത വോട്ട്‌ വെരിഫൈ ചെയ്‌ത ഘട്ടത്തിൽ അവർ ചേർക്കാത്ത മൂന്നുവോട്ട്‌ ചേർത്തതായി കണ്ടെത്തി. ഒരു നമ്പറിൽ ആറുവോട്ടുകൾ വരെ ചേർക്കാം. ഇത്തരത്തിൽ രണ്ടു ഫോൺ നമ്പറിലാണ്‌ മൂന്നു ഇതര സംസ്ഥാന വോട്ടുകൾ കടന്നുകൂടിയത്‌.

ഫോം എട്ട് വഴി ചേർത്ത വോട്ടുകളാണിത്‌. കംലാലാനി ജെന ഒഡിഷ, പിങ്കി കുമാരി ബിഹാർ ബഗുസരായി, കെ. വാസന്തി തമിഴ്‌നാട്‌ മാടാവരം എന്നീ വോട്ടുകളാണ്‌ അനധികൃതമായി കടന്നുകയറിയതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി മേഖലകളിൽ ഇങ്ങനെ വോട്ട് ചേർത്തിയെന്നാണ് പരാതി.

ദുരൂഹമായ വോട്ടുചേർക്കൽ നടപടികളിൽ ജില്ല കലക്ടർക്ക്‌ പരാതി നൽകിയതായി സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വോട്ടർ അപേക്ഷയിൽ ബി.എൽ.ഒ തെളിവെടുക്കുന്ന സമയം രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്ക്‌ വിവരം കൈമാറണം. ഇവർ പരിശോധന നടത്തുമ്പോൾ ഇത്രയധികം വോട്ട്‌ അപേക്ഷ വന്നതായി കാണുന്നില്ല.

നിസ്സാര വോട്ടാണ്‌ അപേക്ഷയായി വന്നതെന്നാണ്‌ ബി.എൽ.ഒമാരും പറയുന്നത്‌. ഇവരാരും അറിയാതെ കൂട്ടത്തോടെ അപേക്ഷ വരുകയാണ്‌. മൊബൈൽ ഫോണിൽ ഒ.ടി.പി വഴിയാണ്‌ വോട്ടുചേർക്കുന്നത്‌. കൃത്രിമം നടക്കണമെങ്കിൽ സെർവർ കൈകാര്യം ചെയ്യുന്നവർ ഇടപെടണം.

തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ സെർവർ കൈകാര്യം ചെയ്യുന്നത്. കമീഷൻ കൃത്രിമം കാട്ടിയെന്ന്‌ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നോ മറ്റു സ്ഥലങ്ങളിൽ നിന്നോ ആൾക്കാരെ കൊണ്ടുവന്ന്‌ കൂട്ടത്തോടെ വോട്ടുചേർക്കാനുള്ള ശ്രമമാണോ നടന്നത്‌ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Vote chori in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.