അപകടം നടന്ന പുന്നക്കപ്പാറ മൈതാനത്ത് മരിച്ച അമാന്റെയും പരിക്കേറ്റവരുടെയും പാദരക്ഷകൾ ചിന്നിച്ചിതറിക്കിടക്കുന്ന നിലയിൽ
അഴീക്കോട്: പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസ്സുകാരൻ അമാൻ മരിക്കുകയും സഹോദരനടക്കം രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. യൂട്യൂബിൽ കണ്ട അപകടകരമായ പരീക്ഷണമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. യു.ഡി.എഫ് വിജയാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 10.30ഓടെ പുന്നക്കപ്പാറയിലെ മൈതാനത്ത് മാലപ്പടക്കം ഉൾപ്പെടെ പൊട്ടിച്ചിരുന്നു. തുടർന്ന് പായസ വിതരണം നടത്തുന്നതിനായി ആളുകൾ പിരിഞ്ഞുപോയിരുന്നു. ഇതിനിടെ 11 മണിയോടെ നാല് കുട്ടികൾ മൈതാനത്തെത്തി പൊട്ടാതെ കിടന്ന പടക്കങ്ങളും ചെറിയ ഗുണ്ടുകളും ശേഖരിച്ചു.
യൂട്യൂബിൽ കണ്ട രീതിപ്രകാരം പടക്കങ്ങൾ ഒരു കുപ്പിക്കുള്ളിൽ മണലും ചരലും ചേർത്ത് മുറുക്കി നിറച്ച്, തീ കൊടുക്കാനുള്ള തിരി പുറത്തേക്ക് നീട്ടിവെച്ച ശേഷമാണ് കുട്ടികൾ പരീക്ഷണം നടത്തിയത്. എല്ലാം ശരിയായെന്ന് ഉറപ്പുവരുത്തിയ ശേഷം തിരിയിൽ തീ കൊളുത്തി കുട്ടികൾ മാറിനിന്നു. എന്നാൽ പടക്കം പൊട്ടാതിരുന്നതിനാൽ വീണ്ടും തീ കൊടുക്കാനായി കുപ്പിക്കരികിലെത്തിയപ്പോഴാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയിൽ കുപ്പിച്ചില്ല് അമാന്റെ കഴുത്തിലേക്ക് കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമാനെ രക്ഷിക്കാനായില്ല. മറ്റു രണ്ട് കുട്ടികൾക്കും കാലുകളിൽ കുപ്പിച്ചില്ല് തെറിച്ച് പരിക്കേറ്റു. ഇവർ ചികിത്സയിൽ കഴിയുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അറിയുന്നു. അപകടം നടന്ന പുന്നക്കപ്പാറ മൈതാനത്ത് അമാന്റെയും പരിക്കേറ്റ കുട്ടികളുടെയും പാദരക്ഷകൾ ചിതറിക്കിടന്ന കാഴ്ച ഏറെ ദയനീയമായിരുന്നു. പ്രദേശത്ത് വളപട്ടണം പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പുന്നക്കപ്പാറയിലെ കുഞ്ഞിക്കിഴക്കയിൽ ഉബൈദിന്റെയും റംസീനയുടെയും മകനായ അമാൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. സമീപവാസിയുടെ വിവാഹവീട്ടിൽ നടന്ന ചടങ്ങുകളിൽ മുഴുവൻ സമയവും സഹായിയായി പ്രവർത്തിച്ച അമാൻ, ഭക്ഷണത്തിനെത്തിയവർക്ക് വെള്ളവും അച്ചാറും വിളമ്പി എല്ലാവരുടെയും സ്നേഹം നേടിയിരുന്നു. സന്തോഷത്തോടെ ഓടിനടന്ന ആ കുട്ടിയെ മണിക്കൂറുകൾക്കകം മരണം കവർന്നെടുത്തത് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. ബന്ധുക്കളും അയൽവാസികളും കണ്ണീരോടെയാണ് അമാനെ യാത്രയയച്ചത്. അമാന്റെ ഖബറടക്കം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.