കണ്ണൂർ: 16511 കെ.എസ്.ആർ ബംഗളൂരു ട്രെയിനിൽ റിസർവേഷൻ കമ്പാർട്മെൻറുകൾ ആളൊഴിഞ്ഞ് ഓടുമ്പോൾ ജനറൽ കമ്പാർട്മെൻറിൽ കുത്തിനിറച്ച് യാത്രക്കാർ. എന്നാൽ, എത്രതന്നെ ജനറൽ കമ്പാർട്മെൻറിൽ ആളുണ്ടായാലും ഡീ റിസർവേഷൻ സൗകര്യം നൽകില്ല എന്നതാണ് റെയിൽവേ അധികൃതരുടെ സമീപനം. 16511 കെ.എസ്.ആർ ബംഗളൂരു ട്രെയിനിന്റെ കണ്ണൂർ-കോഴിക്കോട് യാത്രയിലാണ് ഈ ദുര്യോഗം. അതേസമയം, ഇതേ ട്രെയിൻ കോഴിക്കോട്ടുനിന്ന് വൈകീട്ട് 3.30ന് കണ്ണൂരിലേക്ക് വരുമ്പോൾ ഡീ റിസർവേഷൻ കോച്ചായി എസ്5, എസ്6, എസ്7 എന്നിവയിൽ ഡീ റിസർവേഷൻ ടിക്കറ്റ് നൽകുന്നുമുണ്ട് എന്ന് സ്ഥിരം യാത്രക്കാർ പറയുന്നുണ്ട്. ജനറൽ ടിക്കറ്റിനെക്കാളും അല്പം കൂടുതൽ തുക നൽകിയാൽ മാത്രം മതി, കുത്തിനിറഞ്ഞ് ശ്വാസംമുട്ടിയുള്ള യാത്ര ഒഴിവാക്കാം. സീസൺ ടിക്കറ്റുകാർക്കും ഈ കമ്പാർട്മെന്റിൽ കയറാമെന്നുള്ളത് വലിയ ആശ്വാസവുമാണ്.
എന്നാൽ, ഒരേ ട്രെയിനിൽ ഒരുഭാഗത്തേക്ക് ഡീ റിസർവേഷൻ സൗകര്യം നൽകുമ്പോൾ തിരിച്ച് അതേ റൂട്ടിൽ ഈ സൗകര്യം നൽകുന്നില്ല എന്നുള്ളത് എന്തുകൊണ്ടാണെന്നാണ് യാത്രക്കാരുടെ ചോദ്യം. ഈ സൗകര്യം കണ്ണൂർ-കോഴിക്കോട് ഭാഗത്തേക്കുകൂടി നൽകിയാൽ അത് ജനറൽ കമ്പാർട്മെൻറിലെ തിരക്ക് നല്ലരീതിയിൽ കുറക്കാൻ സഹായിക്കുമെന്നുള്ളതാണ് വസ്തുത. നിരവധി ട്രെയിനുകളിൽ ഡീ റിസർവേഷൻ സൗകര്യം ഇരുഭാഗത്തേക്കും നടപ്പാക്കിയിട്ടുണ്ട്.
ഇത് റെയിൽവേക്ക് സാമ്പത്തികമായും ഏറെ നേട്ടമാണ്. എന്നാൽ, കെ.എസ്.ആർ ബംഗളൂരുവിൽ ഇത് ഒരു ഭാഗത്തേക്കുമാത്രം അനുവദിക്കുന്ന വിചിത്ര നിലപാടാണ് റെയിൽവേക്കുള്ളത് എന്നാണ് സ്ഥിരം യാത്രക്കാരുടെ ആരോപണം. എന്നാൽ, 16511 കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ-കോഴിക്കോട് എക്സ്പ്രസ് ട്രെയിനിൽ ഡീ റിസർവേഷൻ കോച്ചുകൾ ലഭ്യമല്ലെന്നും റെയിൽവേ ദൂരവും മറ്റ് പല കാര്യങ്ങളും പരിഗണിച്ചാണ് ഇങ്ങനെ ഡീ റിസർവേഷൻ ചെയ്യാറുള്ളതെന്നും ഒരുഭാഗത്തേക്ക് ഡീ റിസർവേഷൻ അനുവദനീയമാണെങ്കിലും തിരിച്ച് അതേ റൂട്ടിൽ അത് കിട്ടിക്കൊള്ളണമെന്നില്ലെന്നും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്താണ് ഡീ റിസർവേഷൻ?
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ഉപകാരപ്രദമായ ഒരു സംവിധാനമാണ് ഡീറിസർവേഷൻ. സാധാരണയായി ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളിലെ റിസർവ്ഡ് സ്ലീപ്പർ കോച്ചുകളെ, ചില പ്രത്യേക സ്റ്റേഷനുകൾക്കിടയിൽ താൽക്കാലികമായി അൺ-റിസർവ്ഡ് (ജനറൽ) കോച്ചുകളാക്കി മാറ്റുന്ന പ്രക്രിയയാണിത്. റിസർവേഷൻ ടിക്കറ്റില്ലാത്ത സാധാരണ യാത്രക്കാർക്കും സീസൺ ടിക്കറ്റുടമകൾക്കും കുറഞ്ഞ ചെലവിൽ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, ട്രെയിനിന്റെ യാത്രയിലുടനീളം ഈ സൗകര്യം ലഭിക്കില്ല. ട്രെയിൻ കടന്നുപോകുന്ന നിർദിഷ്ട സ്റ്റേഷനുകൾക്കിടയിൽ മാത്രമായിരിക്കും ഈ കോച്ച് ഡീറിസർവ് ചെയ്യുന്നത്. ആ സ്റ്റേഷൻ കഴിഞ്ഞാൽ ഇത് വീണ്ടും സാധാരണ റിസർവ്ഡ് കോച്ചായി മാറും. ജനറൽ കോച്ചുകളിൽ കയറാൻ പറ്റാത്തവിധം തിരക്കുള്ള സമയങ്ങളിൽ സാധാരണക്കാർക്ക് ഇതൊരു വലിയ ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.