പൊലീസുകാർ തൂഫാനു പിറകെ; കവർച്ച കേസന്വേഷണം മന്ദഗതിയിൽ

കണ്ണൂര്‍: ജില്ലയിൽ പൊലീസുകാർ ഏറെയും ഓപറേഷന്‍ തൂഫാന് പിറകെയായതോടെ കവര്‍ച്ചയും മറ്റ് ക്രിമിനൽ കേസുകളുമടക്കം അന്വേഷണം മന്ദഗതിയിലായി. മയക്കുമരുന്നിന്റെ വേരറുക്കാൻ രാപകൽ ഭേദമെന്യേ പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഫലം കാണാനുമുണ്ട്. അതേസമയം പല പൊലീസ് സ്‌റ്റേഷൻ പരിധികളിലും കവർച്ചയും മറ്റു ക്രിമിനൽ കേസുകളും കൃത്യമായി അന്വേഷിക്കാൻ ആളില്ലാത്ത അവസ്ഥയാണുളളത്. അടുത്തിടെ നടന്ന പ്രമാദമായ പിലാത്തറ ഹൈവേ കവര്‍ച്ചക്കേസിലെ പ്രതികളില്‍ ഏറെ പേരെയും തിരിച്ചറിഞ്ഞിട്ടും ഇതുവരെ രണ്ടുപേരെ മാത്രമാണ് അന്വേഷണ സംഘത്തിന് പിടിക്കാൻ കഴിഞ്ഞത്.

മറ്റു പ്രതികളെ പിടിക്കാന്‍ കഴിയാതിരിക്കുന്നത് പൊലീസിന്റെ ചുമലില്‍ ഓപറേഷന്‍ തൂഫാന്റെ ഭാരം വന്നുപതിച്ചതിനെത്തുടര്‍ന്നാണത്രെ. കഴിഞ്ഞ ഒന്നിനാണ് മഹാരാഷ്ട്രയില്‍ നിന്ന് കരിവെള്ളൂര്‍ വഴി വരുകയായിരുന്ന തലശ്ശേരിയിലെ സ്വര്‍ണവ്യാപാരി കുമാറും കുടുംബവും സഞ്ചരിച്ച കാര്‍ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്നത്. കാറിലുണ്ടായിരുന്ന കുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച് 25 ഗ്രാം സ്വര്‍ണവും 55 ലക്ഷം രൂപയും തട്ടിയെടുക്കുകയുണ്ടായി. കേസിലെ ഒരു പ്രതിയെ കഴിഞ്ഞ 13ന് അറസ്റ്റ് ചെയ്തിരുന്നു. കീച്ചേരി പാറക്കടവ് സ്വദേശി പയ്യന്‍ ഹൗസില്‍ സനു സന്തോഷ് ആണ് പിടിയിലായത്.

മറ്റൊരു പ്രതി മാലൂർ കുണ്ടേരിപ്പൊയിലിലെ വയലിൽ ഹൗസിൽ അശ്വന്തിനെ (26) ബുധനാഴ്ചയും അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതില്‍ ചെറുകുന്ന് പൂങ്കാവ് സ്വദേശിയായ യുവാവ്, ഇയാളുടെ വീട്ടില്‍ കുറച്ചുകാലം താമസിച്ച ഇരിട്ടി സ്വദേശിയായ ഒരാള്‍, കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരന്‍ എന്നിവരുള്‍പ്പെടുമെന്നാണ് വിവരം. വളരെ മികച്ച പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ഓപറേഷന്‍ തൂഫാന്‍ ആരംഭിച്ചതോടെ പൊലീസുകാരെ മുഴുവന്‍ ഇതിനുവേണ്ടി നിയോഗിക്കുകയായിരുന്നു. ഇതോടെയാണ് ഇതിന്റെ അന്വേഷണം മന്ദഗതിയിലായത്. കണ്ണൂരിൽ പ്രസ് ക്ലബ് റോഡിൽ പത്തിലധികം കടകൾ ഒറ്റ രാത്രി കുത്തിത്തുറന്ന് കവർച്ച നടത്തി ആഴ്ചകൾ പിന്നിടുമ്പോഴും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സി.സി ടി.വി ദൃശ്യമടക്കം ലഭിച്ചതോടെ അന്വേഷണം മറുനാട്ടിലേക്ക് വ്യാപിപ്പിക്കാനിരിക്കുകയായിരുന്നു. എന്നാൽ അവിടെയും തൂഫാൻ പരിശോധനയിൽ ഒരേ അന്വേഷണ സംഘം ഉൾപ്പെട്ടതോടെ കവർച്ചയുടെ അന്വേഷണം നിലച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി തളിപ്പറമ്പിൽ മാല പിടിച്ചുപറിയടക്കം നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ട്. കാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ തേടിപ്പോകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ മിക്ക സ്‌റ്റേഷനുകളിലും തൂഫാൻ പരിശോധനയും വൻ മയക്കുമരുന്നു വേട്ടയും മികച്ച രീതിയിൽ ഇപ്പോഴും തുടരുന്നുണ്ട്.

മഴക്കാലം തുടങ്ങിയതോടെ മോഷ്ടാക്കളെയും പിടിച്ചുപറിക്കാരെയും മറ്റു ക്രിമിനലുകളെയുമടക്കം കണ്ടെത്താനും പ്രത്യേക സംഘത്തെ എല്ലായിടത്തും നിയോഗിക്കണമെന്ന ആവശ്യമാണ് വ്യാപാരികളുടെയും മറ്റും ഭാഗത്തുനിന്ന് ഉയരുന്നത്.

Tags:    
News Summary - Policemen are following the toofan; investigation into the robbery case is slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.