എം. വിജിൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ എൻ.ഐ.ടി വിദഗ്ധ സംഘം പഴയങ്ങാടി താവം റെയിൽവേ മേൽപാലം പരിശോധിക്കുന്നു
പഴയങ്ങാടി: നിരവധി തവണകളിലായി നടത്തിയ അറ്റകുറ്റപ്പണികൾ പ്രയോജനപ്പെടാതെ അനുദിനം കുഴികൾ രൂപപ്പെട്ട് തകർച്ച ഭീഷണിയുയർത്തുന്ന താവം റെയിൽവേ മേൽപ്പാലം എൻ.ഐ.ടിയുടെ വിദഗ്ദ സംഘം പ്രാഥമിക പരിശോധന നടത്തി.
വിശദമായ പരിശോധനകൾ നടത്തി സർക്കാറിന് റിപ്പോർട്ട് ലഭ്യമാകുന്നതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം വിജിൻ എം.എൽ.എ പറഞ്ഞു. 2018 ൽ ആർ.ഡി.എക്സ് കൺസ്ട്രഷൻ കമ്പനിയാണ് പാലം നിർമാണം പൂർത്തികരിച്ചത്. നിർമാണത്തിലെ അപാകത കാരണം അറ്റകുറ്റപ്പണികൾക്ക് ഫലമില്ലാത്ത അവസ്ഥയിലാണ് മേൽപാലം.
ഏഴ് മാസം മുമ്പാണ് പാലത്തിലെ ഉപരിതലം പൊളിച്ച് തുരുമ്പിച്ച കമ്പികൾ മാറ്റി മൈക്രോ കോൺക്രീറ്റിങ്ങ് പ്രവൃത്തി നടത്തിയത്. എന്നാൽ മഴ പെയ്തു തുടങ്ങിയതോടെ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു.
എം. വിജിൻ എം.എൽ.എയോടൊപ്പം എൻ.ഐ.ടി വിദഗ്ദ്ധരായ ഡോ.കെ ജയചന്ദ്രൻ, ഡോ. ചന്ദ്രു പി.ജെ, ഡോ. കോഡൽ രാജ്, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനിയർ ഒ.സുനിത, അസിസ്റ്റൻഡ് എൻജിനിയർ ടി.രമ്യ, ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.മോഹനൻ, കെ. പത്മനാഭൻ, കെ.ഹരിദാസൻ, വി.പി.സലാം എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.