തലശ്ശേരി: നാടാകെ പടർന്നിരിക്കുന്ന മയക്കുമരുന്നിന്റെ വ്യാപനം തടയാൻ നിതാന്ത ജാഗ്രത വേണമെന്നും ഇതിനായി സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും സി.പി.ഐ ജില്ല സമ്മേളനം. യുവതലമുറയെ നശിപ്പിക്കുകയും സാമൂഹിക-കുടുംബ ബന്ധങ്ങളെ തകർക്കുകയും ചെയ്യുന്ന നിലയിലേക്ക് മയക്കുമരുന്ന് വ്യാപിക്കുകയാണ്. ഇതിനെതിരെ ഭരണകൂടവും രാഷ്ട്രീയ-സന്നദ്ധ സംഘടനകളും യുവജന-വിദ്യാർഥി സംഘടനകളും സ്‌കൂൾ പി.ടി.എകളും റെസിഡന്റ്സ് അസോസിയേഷനുകളും യോജിച്ച് അണിനിരക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
പുതിയ ജില്ല കൗൺസിലിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തതോടെ ത്രിദിന സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം ചർച്ചക്ക് സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, പി. സന്തോഷ്‌കുമാർ എം.പി എന്നിവർ മറുപടി പറഞ്ഞു. സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ, സി.പി. മുരളി, അഡ്വ. പി. വസന്തം, സ്വാഗതസംഘം ചെയർമാൻ സി.പി. ഷൈജൻ, കൺവീനർ അഡ്വ. എം.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. വി.കെ. സുരേഷ് ബാബു, പി.കെ. മധുസൂദനൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പൊതുസമ്മേളനത്തിൽ അവതരിപ്പിച്ച സംഗീതശിൽപത്തിലെ കലാകാരന്മാർക്ക് പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകി. ഒ.കെ. ജയകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും കെ.ടി. ജോസ് ഭാവിപരിപാടികളും അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുക, എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തുക, 10 വർഷമായി ജോലിചെയ്യുന്ന സപ്ലൈകോ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തലശ്ശേരി-മൈസൂരു റെയിൽവേ യാഥാർഥ്യമാക്കുക, മലയോര മേഖലയിൽ കർഷകരുടെ പട്ടയങ്ങൾ പൂർണമായി വിതരണം ചെയ്യുക, കാട്ടാമ്പള്ളി പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സി.പി. സന്തോഷ് കുമാർ സി.പി.ഐ ജില്ല സെക്രട്ടറി
തലശ്ശേരി: സി.പി.ഐ ജില്ല സെക്രട്ടറിയായി സി.പി. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗവും മുൻ ജില്ല അസി. സെക്രട്ടറിയുമാണ്. എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. എ.ഐ.വൈ.എഫ് കണ്ണൂർ താലൂക്ക്, ജില്ല ഭാരവാഹിയായിരുന്നു. 1997ൽ ക്യൂബയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ എ.ഐ.വൈ.എഫിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. ഹാൻവീവ് മുൻ ജീവനക്കാരനാണ്. സി.പി.ഐ (എം.എൽ) ആദ്യകാല നേതാവ് സി.പി. വിജയന്റെയും കെ.പി. മാലിനിയുടെയും മകനാണ്. കണ്ണൂർ ചൊവ്വയിലാണ് താമസം. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവും കേരള മഹിള സംഘം സംസ്ഥാന ജോയന്റ് സെക്രട്ടറിയും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ എൻ. ഉഷയാണ് ഭാര്യ. സിഷിൻ സന്തോഷ്, സിബിൻ സന്തോഷ് (സോഫ്റ്റ്വെയർ എൻജിനീയർ) എന്നിവർ മക്കളാണ്. തലശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ 39 അംഗ ജില്ല കൗൺസിലിനെയും 14 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.