നിറക്കൂട്ട് ചിത്രമതിൽ കൈമാറ്റം വത്സൻ കൂർമ കൊല്ലേരി നിർവഹിക്കുന്നു
പാനൂർ: പെരിങ്ങത്തൂർ ഐ.ടി.ഇ ദശദിന സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ തീർത്ത ചിത്രമതിൽ സ്കൂളിന് സമർപ്പിച്ചു. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വത്സൻ കൂർമ്മ കൊല്ലേരി നിർവഹിച്ചു. പെരിങ്ങത്തൂർ ഐ.ടി.ഇയിലെ അധ്യാപക വിദ്യാർഥികളുടെ സമൂഹ സമ്പർക്ക സഹവാസക്യാമ്പ് അരങ്ങിന്റെ ഭാഗമായാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രമതിൽ തീർത്തത്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പത്തോളം ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയത്. ബഷീർ ചിത്രകൂടം, സുശാന്ത് കൊല്ലറക്കൽ, മോഹന സുബ്രഹ്മണി, പി. മനോജ്, കിഷോർ കുമാർ, ഫ്രഡറിക്ക് ബറീദ്, ഷൈജു, രാജേഷ് കൂരാറ എന്നീ ചിത്രകല അധ്യാപകരും പെരിങ്ങത്തൂർ ഐ.ടി.ഇയിലെ അധ്യാപക വിദ്യാർഥികളും ചിത്രമതിൽ നിർമാണത്തിൽ പങ്കാളികളായി.
ക്യാമ്പിന്റെ സമാപന സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ. ശൈലജ ഉദ്ഘാടനം ചെയ്തു. അരങ്ങ് സഹവാസ ക്യാമ്പിന്റെ സ്വാഗത സംഘം ചെയർമാൻ കെ.കെ. മണിലാൽ അധ്യക്ഷത വഹിച്ചു. നാടക-സിനിമ താരം രാജേന്ദ്രൻ തായാട്ട്, ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ശശിധരൻ, ടി.പി. പ്രേമനാഥൻ, എ. ലഷ്മണൻ, അനിരുദ്ധൻ എട്ടുവീട്ടിൽ, ജ്യോതി ബാബു, നസീർ ഇടവലത്ത്, പ്രിൻസിപ്പൽ സി. മീര, പ്രധാനധ്യാപകൻ കെ.പി. ജയരാജൻ, കെ. ജയരാജൻ എന്നിവർ സംസാരിച്ചു. ഐ.ടി.ഇ പ്രിൻസിപ്പൽ കെ. ഹസ്സൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പവിത്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.