കണ്ണൂർ: പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുറ്റത്ത് കോടികൾ മുടക്കി റോഡരികിൽ സ്ഥാപിച്ച സോളാർ വഴിവിളക്കുകളുടെ ബാറ്ററിയും പാനലുകളും ഉൾപ്പെടെ വെയിലും മഴയുമേറ്റു നശിക്കുന്നു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപ ചെലവിൽ സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ ഒന്നുപോലും കത്തുന്നില്ലെന്നു മാത്രമല്ല ഇത്തരത്തിൽ നശിച്ചുപോവുകയുമാണ്.
53 കിലോമീറ്റർ ദൂരത്തിൽ 947 സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ഒരു തൂണും ബാറ്ററിയും സോളാർ പാനലുമുൾപ്പെടെ ഒരെണ്ണത്തിന് 95,0000 രൂപയാണ് വില. ഇവ സ്ഥാപിച്ചിട്ട് ഒരുമാസം പോലും തെളിഞ്ഞില്ല. ഇപ്പോൾ പലയിടങ്ങളിലും അപകടഭീഷണിയായി ഇത്തരത്തിലുള്ള തൂണുകൾ നിൽക്കുന്നുണ്ട്.
ബാറ്ററി സ്ഥാപിച്ച ഇരുമ്പ് പെട്ടി ദ്രവിച്ച് അതിനുള്ളിലെ ബാറ്ററികൾ താഴെ വീഴുന്ന സ്ഥിതിയുമുണ്ട്. അത്തരത്തിലുള്ളവ അഴിച്ചെടുത്ത് ഇരിട്ടി പൊതുമരാമത്ത് ഓഫിസിന്റെ കോമ്പൗണ്ടിൽ കൊണ്ടുവെച്ചിട്ടുണ്ട്. ബാറ്ററികൾ താഴെ വീണവയും വാഹനങ്ങൾ ഇടിച്ചിട്ട തൂണുകളും ഇവിടെയുണ്ട്. ബാറ്ററികൾ പൊതുമരാമത്ത് ഓഫിസിന്റെ മുറ്റത്ത് വെയിലും മഴയും കൊണ്ട് നശിക്കുകയാണ്.
വർഷങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന സോളാർ പാനലുകൾ കൂട്ടിയിട്ടിരിക്കുന്നു. 50ലധികം സോളാർ വഴിവിളക്കുകളാണ് ഇവിടെയുള്ളത്. ഇവ അറ്റകുറ്റ പ്രവൃത്തി നടത്തി വീണ്ടും സ്ഥാപിക്കുമ്പോഴുള്ള അപാകതകൾ പരിഹരിച്ച് പുനഃസ്ഥാപിക്കുന്നതിന് പകരം നശിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.