കണ്ണൂർ: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ വീട് കയറി എന്യൂമറേഷൻ ഫോറം നൽകുന്ന നടപടികൾക്ക് ജില്ലയിലും തുടക്കം. കഥാകൃത്ത് ടി. പത്മനാഭന് ഫോറം നൽകി കലക്ടർ അരുൺ കെ. വിജയൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കോളങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ട ശേഷം കലക്ടർക്ക് ടി. പത്മനാഭൻ കൈമാറി. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ സംബന്ധിച്ച് കലക്ടർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. വോട്ടവകാശം ലഭിച്ചതുമുതൽ ഇന്നേവരെ ഒരു വോട്ടുപോലും പാഴാക്കിയിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്യാറുണ്ടെന്നും ടി. പത്മനാഭൻ പറഞ്ഞു.
വീടുവീടാന്തരമുള്ള വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിൽ എന്യൂമറേഷൻ ഫോറം വിതരണവും ശേഖരണവും നവംബർ നാലുമുതൽ ഡിസംബർ നാലുവരെ നടക്കും. ബൂത്ത് ലെവൽ ഓഫിസർമാർ 2025 ഒക്ടോബർ 27ന് നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക പ്രകാരമുള്ള എല്ലാ വോട്ടർമാർക്കും എന്യൂമെറേഷൻ ഫോം നൽകും.
അസി. കലക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ.ബിനി, ഡെപ്യൂട്ടി കലക്ടർ കെ.എസ്. അനീഷ്, ഇലക്ഷൻ വിഭാഗം സൂപ്രണ്ട് സുനിൽകുമാർ, ബൂത്ത് ലെവൽ ഓഫിസർ ശ്രീജിത, പുഴാതി വില്ലേജ് സ്പെഷൽ വില്ലജ് ഓഫിസർ എൻ.കെ. സഹദേവൻ, ഫീൽഡ് അസി. പി.പി.ഷാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.