കണ്ണൂർ: ദേശീയപാതയിൽ നടാലിൽ അടിപ്പാത അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കും. കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല ബസ് പണിമുടക്കും നടക്കും. 60 ഓളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ നടാലിൽ അടിപ്പാത നിർമിക്കാൻ നടപടിയില്ലാത്തതിനാൽ മുമ്പും ബസ് സമരമടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
ജനപ്രതിനിധികളടക്കം ഇടപെട്ടിട്ടും തീരുമാനമാകാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടന്നത്. സമരത്തിന് അനുഭാവപൂര്‍വമായാണ് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും ഒരുദിവസം സര്‍വിസ് നിര്‍ത്തിവെക്കുന്നത്. ദേശീയപാത നവീകരണം തുടങ്ങുന്നത് മുതൽ നടാലില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാണ്.
ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കണ്ണൂർ-തലശ്ശേരി റൂട്ടിൽ സര്‍വിസ് റോഡ് വഴിയാണ് ബസ് സര്‍വിസ്. തോട്ടട വഴി തലശ്ശേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് നടാല്‍ ഗേറ്റ് കടന്നാല്‍ ദേശീയപാതക്ക് സമാന്തരമായ സര്‍വിസ് റോഡിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ സൗകര്യമില്ല. ബസുകള്‍ മൂന്നര കിലോമീറ്റര്‍ ചാല ജംങ്ഷന് വരെ സഞ്ചരിച്ച് ട്രാഫിക് സര്‍ക്കിള്‍ ചുറ്റി വീണ്ടും നടാല്‍ ഭാഗത്തേക്ക് സഞ്ചരിക്കണം.
ഏഴുകിലോമീറ്റർ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കണ്ണൂരിലേക്കുള്ള എടക്കാട് -നടാല്‍ സര്‍വിസ് റോഡ് രണ്ടു വരിയാക്കാമെന്നാണ് അറിയിച്ചത്. നടാലിലെ യാത്രക്ലേശത്തിൽ റൂട്ടിലെ സ്വകാര്യ ബസുടമകളും തൊഴിലാളികളും പണിമുടക്കുമായി നേരത്തെ രംഗത്തുണ്ട്. ഇതുവരെ ദേശീയപാത അധികൃതര്‍ അനുകൂല സമീപനം കാണിച്ചിട്ടില്ല.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, കലക്ടര്‍ അരുണ്‍ കെ. വിജയന് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ല ബസ് ഉടമസ്ഥ സംഘം പ്രതിനിധികള്‍, നടാല്‍ അടിപ്പാത കര്‍മസമിതി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ അടിപ്പാത നിര്‍മിക്കാന്‍ സാധിക്കില്ല പകരം കണ്ണൂരിലേക്കുള്ള എടക്കാട് -നടാല്‍ സര്‍വിസ് റോഡ് രണ്ടു വരിയാക്കാമെന്നാണ് അറിയിച്ചത്. യാത്രാക്ലേശം തുടർന്നാൽ 60ഓളം ബസുകള്‍ക്ക് സര്‍വിസ് നടത്താന്‍ സാധിക്കാതെവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.