തലശ്ശേരി: വീട്ടുപറമ്പിലും അടുക്കളയുടെ പുറത്തും ചിരട്ട സൂക്ഷിക്കുന്നവർ കരുതിയിരിക്കുക, മോഷ്ടാക്കൾ പിന്നാലെയുണ്ട്. ചിരട്ടക്ക് വിപണിയിൽ വില കൂടിയതോടെയാണ് ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിന്റെ മറവിൽ സ്ത്രീകളടക്കമുള്ള സംഘം ചിരട്ട മോഷ്ടിക്കാനിറങ്ങിയിരിക്കുന്നത്. സംഘം ചാക്കിലും മറ്റും കൂട്ടിവെക്കുന്ന ചിരട്ടകൾ രാത്രിയിൽ വാഹനത്തിലെത്തി ആരുമറിയാതെ കടത്തുന്നത് നഗരത്തിലും നാട്ടിൻപുറങ്ങളിലും വ്യാപകമായതായി പരാതി ഉയർന്നിട്ടുണ്ട്.
ചിറക്കര സീതി സാഹിബ് റോഡിലെ അടുത്തടുത്തായുള്ള നാല് വീടുകളിൽനിന്ന് കഴിഞ്ഞ ദിവസം ചിരട്ട മോഷണം പോയി. ചാക്കിലാക്കി സൂക്ഷിച്ച ചിരട്ടകളാണ് വീട്ടുകാരറിയാതെ രാത്രി അപഹരിച്ചത്. ചിറക്കര, എരഞ്ഞോളി, കതിരൂർ, ധർമടം പ്രദേശങ്ങളിൽനിന്ന് ചിരട്ടശേഖരം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പൊലീസിൽ പരാതിപ്പെടാത്തതിനാൽ അന്വേഷണവുമില്ല. മോഷ്ടാക്കൾക്ക് ഇത് തുണയായി മാറുകയാണ്.
ചിരട്ടക്കും താരപദവി
ചിരട്ട വിൽക്കാനുണ്ടോ എന്ന് ചോദിച്ച് ചിലർ വീടുകൾ തോറും എത്തിത്തുടങ്ങി. ഒരു കിലോ ചിരട്ട 25ഉം 30ഉം രൂപ നൽകിയാണ് വാഹനങ്ങളിൽ എത്തുന്ന സംഘം വാങ്ങുന്നത്. ഒരു ചിരട്ടക്ക് ഇപ്പോൾ ഒരു രൂപ കിട്ടുമെന്ന നിലയുണ്ട്. ചിരട്ടക്കരിക്ക് ജർമനി, ഇറ്റലി, ചൈന തുടങ്ങി വിദേശ മാർക്കറ്റുകളിൽ പ്രിയം കൂടിയതാണ് നാട്ടിലെ ചിരട്ടകൾക്ക് പെട്ടെന്ന് താരപദവി ലഭിച്ചത്. തമിഴ്നാട്ടിൽ ചിരട്ടക്കരി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കാണ് നാട്ടിൽനിന്നും ശേഖരിക്കുന്ന ചിരട്ടകൾ കൂടുതലായും കൊണ്ടുപോവുന്നത്.
ജലശുദ്ധീകരണത്തിനായി ഉപയോഗിച്ചുവരുന്ന പ്രകൃതിദത്ത വസ്തുവാണ് ചിരട്ട. വീട്ടിനകവും ടോയ്ലറ്റും വൃത്തിയാക്കാൻ ചിരട്ടക്കരി ഉപയോഗിക്കുന്നവരുണ്ട്. ഓട്, പിച്ചള, പാത്രങ്ങൾ ചിരട്ടക്കരി കൊണ്ട് തേച്ചു വെളുപ്പിക്കാമെന്ന് നാട്ടറിവുണ്ട്. കരിച്ചു കിണറ്റിലിട്ടാൽ കുടിവെള്ളം ശുദ്ധമാവും. കരകൗശല ഉൽപന്നങ്ങളും ചിരട്ട ഉപയോഗിച്ച് നിർമിക്കുന്നുണ്ട്. ശവദാഹത്തിനും ചിരട്ടകൾ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.