ഉരുൾപൊട്ടൽ ഭീഷണിയിൽ കൊളവല്ലൂർ

പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ അപകടം ഒഴിവാക്കിയത്. രണ്ടുവർഷം മുമ്പ് മേഖലയിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞ് കിലോമീറ്ററോളം കൃഷിനാശമുണ്ടായിരുന്നു. മഴ കനക്കുന്നതോടെ നരിക്കോട് മലയിലും പരിസരങ്ങളിലും ജീവിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്.

നിരവധി ക്വാറികൾക്ക് താഴെയാണ് തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ മേഖലയിലുള്ളവരുടെ ജീവിതം. രണ്ടുവർഷംമുമ്പ് പ്രദേശത്തെ വലിയ ക്വാറികളിലൊന്നായ കൊയിക്കൽ ക്വാറി ശക്തമായ മഴയിൽ ഇടിഞ്ഞ് രണ്ട് കിലോമീറ്ററുകളോളം വലിയ കല്ലുകളും മണ്ണും വീണ് വ്യാപകമായി കൃഷിനശിച്ചിരുന്നു.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഉരുൾപൊട്ടൽ ബാധിത പ്രദേശമാണെന്നും വീടുകളിൽ മഴക്കുഴികൾ പോലും കുഴിക്കേണ്ട ആവശ്യമില്ലെന്നും ജില്ല കലക്ടർ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കോടതി വിധികൾ വാങ്ങിയും ഭരണ സ്വാധീനമുറപ്പിച്ചും നിരവധി ക്വാറികളാണ് നിയമവിധേയമായും അല്ലാതെയും ഈ മലയിൽ പ്രവർത്തിക്കുന്നത്. മൈനിങ് ആൻഡ് ജിയോളജിയുടെ മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി വൻ സ്ഫോടനങ്ങളും ഖനനവുമാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മഴ കനക്കുമ്പോൾ പൊയിലൂർ മലയുടെ മുകൾ ഭാഗത്തായുള്ള നരിക്കോട്, വാഴമല ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. അതുകൊണ്ട് മഴക്കാലത്തെങ്കിലും ഖനനം നിർത്തിവെക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ദിവസേന 150ഓളം വലിയ ലോറികളിൽ കരിങ്കല്ലുകൾ പുറത്തേക്കുപോകുന്ന ക്വാറികൾ ഇവിടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ചെക്ക്പോസ്റ്റുകളും കാമറകളും സ്ഥാപിക്കാൻ വർഷങ്ങൾക്കുമുമ്പ് ജില്ല കലക്ടർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.

കിഴക്കൻ മലനിരകളിൽ രൂപംകൊള്ളുന്ന ക്വാറികളിൽ നിറയുന്ന വെള്ളം ഉരുൾപൊട്ടി താഴേക്കൊഴുകിയാൽ ചെറുപ്പറമ്പ്, കുന്നോത്തുപറമ്പ്, പാത്തിക്കൽ, എലിക്കുന്ന്, കണ്ണവം വനമേഖലയിലെ ഭാഗങ്ങൾ, പൊയിലൂർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അത് വൻ ദുരന്തമാകും.

Tags:    
News Summary - Kolavallur under threat of landslides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.