രവീന്ദ്രൻ കുന്നോത്ത്, സി.കെ. മുഹമ്മദലി
പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ഒഴികെയുള്ള 18 വാർഡുകൾ, മൊകേരി പഞ്ചായത്തിലെ 15 വാർഡ്, കുന്നോത്തുപറമ്പ് പഞ്ചായത്തിലെ 23 വാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് ജില്ല പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷൻ. കഴിഞ്ഞതവണ 1000ൽപരം വോട്ടുകൾക്ക് എൽ.ഡി.എഫിലെ ഉഷ രയരോത്ത് (ആർ.ജെ.ഡി) ആണ് ജയിച്ചത്. എന്തുവിലകൊടുത്തും സീറ്റ് പിടിച്ചെടുക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം.
കോൺഗ്രസിൽനിന്ന് മുസ്ലിം ലീഗ് ചോദിച്ചു വാങ്ങിയ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കടവത്തൂരിലെ സി.കെ. മുഹമ്മദലിയാണ് സ്ഥാനാർഥി. ഇദ്ദേഹത്തിനിത് കന്നിയങ്കമാണ്. എം.എസ്.എഫ് ചാക്യാർക്കുന്ന് ശാഖ പ്രസിഡന്റായി പൊതുരംഗത്തെത്തി. സർ സയ്യിദ് കോളജ് യൂനിറ്റ് സെക്രട്ടറി, പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ ജില്ല പ്രസിഡന്റ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ല സെക്രട്ടറി, കെ.എച്ച്.എസ്.ടി.യു ജില്ല സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ആർ.ജെ.ഡിയിലെ രവീന്ദ്രൻ കുന്നോത്താണ് എൽ.ഡി.എഫ് സ്ഥാനാർഥി. കേരള വിദ്യാർഥി ജനത ബ്രണ്ണൻ കോളജ് യൂനിറ്റ് പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജനതാദൾ പെരിങ്ങളം മണ്ഡലം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ആർ.ജെ.ഡി ജില്ല ജനറൽ സെക്രട്ടറിയും ദേശീയ സമിതി അംഗവും എൽ.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കൺവീനറുമാണ്. യുവമോർച്ച സൗത്ത് ജില്ല അധ്യക്ഷനായ പൊയിലൂർ ശ്രേയസിലെ അർജുൻ വസുദേവാണ് എൻ.ഡി.എ സ്ഥാനാർഥി. സൗത്ത് പാട്യം യു.പി സ്കൂൾ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.