കേളകം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനം വകുപ്പ് ആവിഷ്കരിച്ച 'ഓപറേഷൻ ഗജമുക്തി'യുടെ ഒന്നാം ദിനം വിജയകരമായി പൂർത്തിയാക്കി വനംവകുപ്പ്. ആറളം ഫാം ഏരിയയിൽനിന്ന് മൂന്ന് കുട്ടിയാനകളുൾപ്പെടെ ഒമ്പത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.
ഡ്രോണുകളുപയോഗിച്ച് ആനകളെ കണ്ടെത്താനുള്ള പ്രവർത്തനം നടത്തി. 50 പേരടങ്ങുന്ന വനം വകുപ്പ് ജീവനക്കാരും ആറളം ഫാം കോർപറേഷൻ ജീവനക്കാരും ചേർന്നാണ് ഈ നിർണായക ദൗത്യത്തിന് തുടക്കമിട്ടത്. കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ മേൽനോട്ടത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റേഞ്ച് ഓഫിസർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ എന്നിവരുടെ നേതൃത്വത്തിൽ, ഡെപ്യൂട്ടി ആർ.എഫ്.ഒ. ഷൈനി കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രജീഷ് എന്നിവർ നയിച്ച ഡ്രൈവിങ് ടീമാണ് ആനകളെ തുരത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. ആറളം സ്കൂൾ ഹെലിപാഡ് വഴി, തളിപ്പാറ, കോട്ടപ്പാറ കമ്പിവേലി കടത്തിയാണ് ആനകളെ വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചത്.
ആറളം പഞ്ചായത്ത് വകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, വാർഡ് മെംബർ മിനി, ആറളം സെക്യൂരിറ്റി ഓഫിസർ ബെന്നി, ആറളം സബ് ഇൻസ്പെക്ടർ രാജീവൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, സീനിയർ ക്ലർക്ക് മനോജ് എന്നിവരും ഓപറേഷൻ സൈറ്റിൽ സജീവമായി പങ്കെടുത്തു.
ആനകളെ തുരത്തുന്നതിനുള്ള ഡ്രൈവ് കണ്ണവം റേഞ്ച് ഓഫിസർ സുധീർ, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ജയപ്രകാശ് എന്നിവരും ഓപറേഷന് നേതൃത്വം നൽകി. കടത്തിവിട്ട ആനകൾ തിരിച്ചു കയറാതിരിക്കാൻ നൈറ്റ് പട്രോളിങ് ശക്തമാക്കും. ഗജമുക്തി ഓപറേഷൻ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.