കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് നിർദേശത്തെ തുടർന്ന് കണ്ണൂരിലെ പഴയ മുനിസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റൽ പ്രവൃത്തി നിർത്തിവെച്ചെങ്കിലും ക്വാർട്ടേഴ്സുകളുടെ നിർമാണം തുടങ്ങും. കോടതിയുടെ സമീപത്ത് ജഡ്ജിമാർക്കുള്ള ക്വാർട്ടേഴ്സുകൾ നിർമിക്കാനുള്ള നടപടികളാണ് ഉടൻ തുടങ്ങുക. കോടതി കെട്ടിടം നിർമാണം അനന്തമായി നീളുമെന്ന് ഉറപ്പായതോടെ ക്വാർട്ടേഴ്സുകളുടെ നിർമാണം ആദ്യം പൂർത്തിയാക്കുമെന്നാണ് അറിയുന്നത്.
കെട്ടിട നിർമാണ കരാറുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റിയും നിർമാണ കരാർ ലഭിച്ച നിർമാൺ കൺസ്ട്രക്ഷൻ കമ്പനിയും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജനുവരി 12 നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കെട്ടിടം പൊളിക്കൽ ആരംഭിച്ചയുടൻ പൊതുമരാമത്ത് (കെട്ടിട വിഭാഗം) അധികൃതർ സ്ഥലത്തെത്തിയിരുന്നു.
സർക്കാറിൽനിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചശേഷം പൊളിക്കാമെന്ന് അറിയിച്ചതോടെ പ്രവൃത്തി നിർത്തുകയായിരുന്നു. ഏഴുനില കോടതി കോംപ്ലക്സ് പണിയുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്.
നിർമാണക്കരാറുമായി ബന്ധപ്പെട്ട തർക്കം കേസിൽ എത്തിയതിനെ തുടർന്നാണ് കെട്ടിട നിർമാണം ഒരു വർഷമായിട്ടും തുടങ്ങാനാവാതെ വന്നത്. കുറഞ്ഞ ക്വട്ടേഷൻ നൽകിയ നിർമാൺ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ആദ്യം കരാർ ലഭിച്ചത്. ഇതിനെതിരെ ഊരാളുങ്കൽ സൊസൈറ്റി ഹൈകോടതിയിലെത്തുകയായിരുന്നു.
ഊരാളുങ്കലിന് അനുകൂലമായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. നിർമാൺ ഉടമ പി.എം. മുഹമ്മദാലി ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.