മട്ടന്നൂർ: വാർഡ് പുനർ വിഭജനത്തോടെ അതിരുകൾ മാറി മറിഞ്ഞ ഡിവിഷനാണ് കൂടാളി. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി വി.കെ. സുരേഷ് ബാബു 680 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഫൈസലിനെയാണ് പരാജയപ്പെടുത്തിയത്.
ഇരിട്ടി ബ്ലോക്കിലെ കൂടാളി ടൗൺ, എളമ്പാറ, നായാട്ടുപാറ, പട്ടാന്നൂർ, ഇരിക്കൂർ ബ്ലോക്കിലെ ഇരിക്കൂർ, മലപ്പട്ടം, കുറ്റ്യാട്ടൂർ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് കൂടാളി ഡിവിഷൻ. എൽ.ഡി.എഫ് ഭരിക്കുന്ന കീഴല്ലൂർ, കൂടാളി, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളിലെയും യു.ഡി.എഫ് ഭരിക്കുന്ന ഇരിക്കൂർ പഞ്ചായത്തിലെയും നിരവധി വാർഡുകൾ ഉൾപ്പെട്ടതാണ് കൂടാളി ഡിവിഷൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരിട്ടി ബ്ലോക്കിലെ എടയന്നൂർ, കൂടാളി, എടക്കാട് ബ്ലോക്കിലെ തലമുണ്ട, മുണ്ടേരി, മൗവഞ്ചേരി, തലശ്ശേരി ബ്ലോക്കിലെ മുഴപ്പാല ബ്ലോക്ക് ഡിവിഷൻ ചേർന്നായിരുന്നു കൂടാളി ഡിവിഷൻ. ഇതിൽനിന്ന് കൂടാളി ഡിവിഷൻ മാത്രമാണ് പുതിയ കൂടാളി ടൗൺ ഡിവിഷനിൽ ഉൾപ്പെടുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായി കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റും മഹിള അസോസിയേഷൻ മയ്യിൽ എരിയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും സി.പി.എം കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പി.പി. റെജിയും യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് കൊളച്ചേരി മണ്ഡലം വൈസ് പ്രസിഡന്റും ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് കോഓഡിനേറ്ററുമായ സുനീത അബൂബക്കറും എൻ.ഡി.എ സ്ഥാനാർഥിയായി മാധ്യമ പ്രവർത്തകയായ സുപ്രഭ ചന്ദ്രോത്തുമാണ് മത്സരിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. റെജി കുറ്റ്യാട്ടൂർ പഞ്ചായത്തിൽ രണ്ടു തവണ മത്സരിച്ചു വിജയിച്ചു. മൂന്നാം തവണയാണ് ഈ പോരാട്ടം. യു.ഡി.എഫ് സ്ഥാനാർഥി സുനീത അബൂബക്കറിന്റെ കന്നിയങ്കമാണ്. തോട്ടട സ്വദേശിയാണ് സുപ്രഭ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.