കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിന് സ്ഥലമേറ്റെടുപ്പ് നടത്തിയതിന്റെ മറവിൽ വൻ അഴിമതി നടത്തിയ സംഭവത്തിൽ ഹൈകോടതി ഉത്തരവിനു പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി വേഗത്തിലാക്കാൻ കോടതി ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. തുർന്നാണ് കണ്ണൂർ വിജിലൻസ് സിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നത്. സ്പെഷൽ തഹസിൽദാർ എൽ.എ (കിൻഫ്ര )ചാലോട് ഓഫിസിലെ റവന്യൂ ഇൻസ്പെപെക്ടർ ആയിരുന്ന ഷാജി,വാല്വേഷൻ അസിസ്റ്റൻറ് ആയിരുന്ന പ്രദീപൻ, തഹസിൽദാർ ആയിരുന്ന ഷെർലി എന്നിവർക്കെതിരെ മുണ്ടയാടൻ രാജൻ എന്നയാൾ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് കണ്ണൂർ ജില്ല കലക്ടർക്ക് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
സർക്കാറിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി അന്ന് കണ്ടെത്തിയതിനാൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കുമാണ് റിപ്പോർട്ട് നൽകിയത്. നടപടിയില്ലാത്തതിനാൽ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് നടപടിയാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 21ന് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല. 672 പേരുടെ ഭൂമി ഏറ്റെടുപ്പിൽ 260 പേരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്ന് പറഞ്ഞാണ് കോടതിയിൽ കെട്ടിവെച്ചത്. ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കിയത്. ഇതിന്റെ മറവിൽ 82 കോടി രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. ഇത്രയും വലിയ നഷ്ടമുണ്ടാക്കിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് മനോജ് മൂർക്കോത്ത് അഡ്വ. സി.കെ. മോഹനൻ മുഖേന ഹൈകോടതിയെ സമീപിച്ചത്. നിലവിൽ വിജിലൻസ് സംഘം അന്വേഷണം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് നൽകുന്നതോടെ ക്രമക്കേട് കാട്ടിയ ഉേദ്യാഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.