പ്രതീകാത്മക ചിത്രം
കേളകം: കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മുള്ളുകമ്പി വേലിയിൽ കടുവ കുടുങ്ങിയ സംഭവത്തിൽ നിയമ നടപടികളുമായി വനം വകുപ്പ്. 2024 ഫെബ്രുവരിയിൽ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മുള്ളുകമ്പി വേലിയിൽ കുടുങ്ങിയ കടുവയെ വനപാലകർ മയക്കുവെടിവെച്ച് പിടികൂടിയ സംഭവത്തിൽ സ്ഥലത്തിന്റെ സർവേ നമ്പറും സ്കെച്ചും കൈവശ സർട്ടിഫിക്കറ്റും ഹാജരാക്കാൻ ആവശ്യപ്പെട്ട് കൊട്ടിയൂർ വില്ലേജ് ഓഫിസർക്ക് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ നോട്ടീസ് നൽകി.
ഇത്രയും രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ആദ്യം വില്ലേജ് ഓഫിസർക്ക് കത്ത് നൽകിയിരുന്നതായും അത് ലഭ്യമാവാത്ത സാഹചര്യത്തിൽ അടിയന്തരമായി രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ നിധിൻ രാജ് വില്ലേജ് ഓഫിസർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാനാണ് രേഖകളെന്നും നോട്ടീസിൽ പറയുന്നുണ്ട്. കടുവയെ പിടികൂടിയ സമയത്ത് സ്ഥലമുടമയുടെ പേരിൽ കേസ് എടുക്കില്ലെന്ന് വനപാലകർ ഉറപ്പ് നൽകിയിരുന്നു.
കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ പരിധിയിൽ പന്നിയാമല എന്ന സ്ഥലത്ത് കടുവയെ കേബിൾ കുരുക്ക് ഉപയോഗിച്ച് കെണിയിൽ കുരുക്കിയ കുറ്റത്തിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടന്ന് വനം വകുപ്പിന്റെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കർഷകരുടെ പേരിൽ കേസെടുക്കുന്ന നിലപാടുമായി മുന്നോട്ടു വന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടിലൂടെ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് കൊട്ടിയൂരിലെ ജനപ്രതിനിധികൾ പറഞ്ഞു. വനം വകുപ്പ് മയക്കുവെടിവെച്ച് കൊട്ടിയൂർ പന്നിയാം മലയിൽ നിന്ന് കൂട്ടിലാക്കിയ കടുവ തൃശൂരിലേക്ക് കൊണ്ടുപോകും വഴി ചത്തതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.