കർഷകർക്ക് വെല്ലുവിളി ഉയർത്തുന്ന വാനരപ്പട
കേളകം: മലയോരത്തെ കൃഷിയിടങ്ങൾ വാനരപ്പട കൈയടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷക സമൂഹം. കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലാണ് ശല്യം രൂക്ഷം.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തില്‍നിന്ന് കൂട്ടത്തോടെയെത്തുന്ന കുരങ്ങുകളാണ് പകലന്തിയോളം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍റെ ജീവിതത്തിലെ വില്ലന്മാര്‍. കുരങ്ങിന്‍കൂട്ടം തെങ്ങിന്‍തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്. കുരങ്ങിന്‍കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരു തെങ്ങ് കയറാന്‍ 40 രൂപയാണ് നല്‍കേണ്ടത്. ഇനി പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവച്ചാല്‍ അതു കാട്ടുപന്നിയും തിന്നും.
മടപ്പുരച്ചാല്‍, ഓടന്തോട്, പെരുമ്പുന്ന ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, കശുവണ്ടി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. വാഴത്തോട്ടങ്ങളും വാനരപ്പട നിലംപരിശാക്കിത്തുടങ്ങി. വാഴക്കന്നുകള്‍ കീറി ഉള്ളിലെ കാമ്പ് തിന്നുകയാണ് പതിവ്. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകൾ തിന്നുനശിപ്പിക്കുകയും ഇലകള്‍ കീറിക്കളയുകയും ചെയ്യും.
രണ്ടു മൂന്നു ദിവസം ഒരു തോട്ടത്തില്‍ തമ്പടിച്ച് കൃഷി മുഴുവന്‍ നശിപ്പിച്ച് കഴിയുമ്പോള്‍ അടുത്ത തോട്ടം ലക്ഷ്യമാക്കി നീങ്ങും. വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിവർഷം ലക്ഷക്കണക്കിന് നാളികേരം കുരങ്ങുകൾ നശിപ്പിക്കുകയാണ് ആറളം ഫാമിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.