മുഴപ്പാല ഡംപിങ് യാർഡിൽ വാഹനങ്ങൾ കൂട്ടിയിട്ട സ്ഥലം കാടുമൂടിയ നിലയിൽ
ചക്കരക്കല്ല്: ജില്ലയിലെ ഏറ്റവും വലിയ ഡംപിങ് യാർഡ് തീപിടിത്ത ഭീഷണിയിൽ. ചക്കരക്കൽ-പനയത്താംപറമ്പ് റോഡിൽ മുഴപ്പാല പള്ളിമെട്ടയിലെ ഡംപിങ് യാർഡാണ് കാട് മൂടിയും ഉണങ്ങിയ ഇലകളും മറ്റുമായി ഭീഷണിയായി നിൽക്കുന്നത്.
കഴിഞ്ഞ 16ന് ജില്ലയിലെ വെള്ളാരം പാറയിലെ പൊലീസിന്റെ ഡംപിങ് യാർഡിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി. നാലു മണിക്കൂറോളം കണ്ണൂർ, തളിപറമ്പ്, പയ്യന്നൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂനിറ്റെത്തിയാണ് തീ അണച്ചത്.
ഡംപിങ് യാർഡിൽ അടുത്തടുത്തായി കൂട്ടിയിട്ട വാഹനങ്ങളിൽ തീ പടർന്നാണ് വ്യാപകമായി തീപിടിത്തമുണ്ടായത്. മുഴപാലയിലെ ഡംപിങ് യാർഡിലും സമാന സ്ഥിതിയാണ്.
അടിക്കാടുകൾ വളർന്നു നിൽക്കുന്ന പരിസരവും വാഹനങ്ങൾ പൂർണമായും മൂടിയ വള്ളിച്ചെടികളും ഉണങ്ങി നിൽക്കുന്ന പുല്ലുകളുമൊക്കെ മുഴപ്പാലയിലുള്ള ഡംപിങ് യാർഡിന് ഭീഷണിയാവുകയാണ്. വെള്ളാരം പാറയിലെ ഡംപിങ് യാർഡിൽ തീപിടിത്തമുണ്ടായത് മുതൽ മുഴപ്പാലയിലും പരിസരപ്രദേശങ്ങളിലുമുള്ളവർ ഭീതിയിലാണ്. ഏതെങ്കിലും തരത്തിൽ ഇവിടെ തീപിടിത്തമുണ്ടായാൽ വലിയ ദുരന്തം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണിവർ.
വിവിധ കേസുകളിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങളും വർഷങ്ങൾക്ക് മുമ്പ് ചക്കരക്കല്ല് പൊലിസ് സ്റ്റേഷനായി പണിത കെട്ടിടവുമാണ് മുഴപ്പാലയിലെ ഡംപിങ് യാർഡിലുള്ളത്. ചക്കരക്കല്ല് സ്റ്റേഷനായി സർക്കാർ ഏറ്റെടുത്ത രണ്ട് ഏക്കറിലധികം സ്ഥലത്താണ് വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത ആയിരത്തിലധികം വാഹനങ്ങളുള്ളത്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും കൂട്ടിയിട്ടിരിക്കുന്നത്. ഇത്രയും സ്ഥലം ആളുകൾക്ക് കടന്നുചെല്ലാനാകാതെ കാടും മുൾപടർപ്പും പടർന്നുകയറി നശിക്കുകയാണ്. ഇത് സമീപത്തെ വീടുകൾക്കും പ്രദേശത്തെ ജനങ്ങൾക്കും കൂടുതൽ ഭീതിയുളവാക്കുകയാണ്.
ചക്കരക്കല്ല്, എടക്കാട്, വളപട്ടണം, കണ്ണൂർ ടൗൺ, സിറ്റി, തലശ്ശേരി, മയ്യിൽ, ധർമ്മടം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിന്നെല്ലാം പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇവിടെയാണ് കൊണ്ടിടുന്നത്. നിയമം ലംഘിച്ച് പൂഴികടത്ത്, മോഷണം പിടിക്കപ്പെട്ടത്, അപകടത്തിൽ പെട്ടത്, ട്രാഫിക് നിയമലംഘനം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് പിടിക്കപ്പെട്ട വാഹനങ്ങളാണ് ഇവിടെ തള്ളിയത്.
കേസ് ഒത്തുതീർപ്പാകുമ്പോഴക്കും വാഹനങ്ങൾ പൂർണമായും തുരുമ്പെടുത്ത് നശിച്ചിരിക്കും. ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് ഇത്തരത്തിൽ നശിക്കുന്നത്. കാര്യമായ കേടില്ലാത്ത വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാനോ പിഴയടച്ച് ഉടമക്ക് തിരിച്ചെടുക്കാനോ ഉള്ള നടപടികൾ ഫലപ്രദമല്ല.
ഇതാണ് ഇത്രയധികം വാഹനങ്ങൾ നശിക്കാൻ കാരണം. രണ്ട് വർഷം മുമ്പ് ഇവിടെയുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ വാഹനങ്ങൾ നശിച്ചിരുന്നു. കാടുകയറിയ പറമ്പും തുരുമ്പെടുത്ത് നശിച്ച വാഹനങ്ങളും പ്രദേശത്തുകാരുടെ സമാധാനം കെടുത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ലേലം ചെയ്ത് നീക്കുകയോ ഇരുമ്പ് വിലക്ക് നൽകിയോ സ്ഥലം വൃത്തിയാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വേനൽ ചൂട് കൂടുന്നത് തീപിടുത്തത്തിനുള്ള സാധ്യതയും വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.