കണ്ണൂർ സർവകലാശാല: പരീക്ഷയിൽ പാളാതിരിക്കാൻ ഉപദേശക സമിതി

കണ്ണൂർ: പരീക്ഷ നടത്തിപ്പിൽ നിരന്തരമായി വീഴ്ച സംഭവിക്കുന്ന കണ്ണൂർ സർവകലാശാലയിൽ പരീക്ഷ കുറ്റമറ്റതാക്കാൻ ഉപദേശക സമിതിയെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ വിമർശനം നേരിട്ടതിനെ തുടർന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി.ജെ. വിൻസെന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.

സർവകലാശാലയിൽ ചോദ്യപേപ്പറും ചോദ്യങ്ങളും ആവർത്തിക്കുന്നത് വലിയ വിമർശനമുയർത്തിയതിന് പിന്നാലെയായിരുന്നു ഇത്. നാലാം സെമസ്റ്റർ എം.എസ് സി മാത്സ് കോഴ്സിന്‍റെ ഫൊറിയർ ആൻഡ് വേവ് ലെറ്റ് അനാലിസിസ് എന്ന പേപ്പറിൽ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചതാണ് അവസാന സംഭവം. 2021ൽ നടത്തിയ നാലാം സെമസ്റ്റർ പരീക്ഷയുടെ അതേ ചോദ്യക്കടലാസാണ് ഈ വർഷവും ഉപയോഗിച്ചത്.

കഴിഞ്ഞമാസം നടന്ന ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയിലും 2020ലെ അതേ ചോദ്യപേപ്പറുകൾ ആവര്‍ത്തിച്ചു. ബി.എസ് സി ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും 95 ശതമാനം ചോദ്യങ്ങളുടെ ആവർത്തനമുണ്ടായി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ ചോദ്യപേപ്പറുകളും അതേപടി പകർത്തുന്നുണ്ടെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് പരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കാൻ ഉപദേശക സമിതിയെ നിയമിച്ചത്. ജോയന്റ് രജിസ്ട്രാർ ഇ.വി.പി. മുഹമ്മദിനാണ് നിലവിൽ പരീക്ഷ കണ്‍ട്രോളറുടെ താൽക്കാലിക ചുമതല.

സംസ്ഥാന സർക്കാർ അംഗീകരിച്ച 36 അധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർവകലാശാല പഠന വകുപ്പുകളിലേക്ക് കരാർ അധ്യാപക നിയമനങ്ങൾക്കുള്ള റാങ്ക് പട്ടികകൾ അംഗീകരിച്ചു.

കേരള സെൽഫ് ഫിനാൻസ് കോളജ് ബില്ലിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയാറാക്കിയ മാർഗനിർദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെൽഫ് ഫിനാൻസിങ് കോളജ് മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റിലെ എം.പി.എഡ് പ്രോഗ്രാമിന് എൻ.സി.ടി.ഇ അംഗീകാരം ലഭിക്കുന്നതുവരെ യു.ജി.സി അംഗീകരിച്ച 'മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്' പ്രോഗ്രാം പുതിയ അക്കാദമിക് വർഷത്തിൽ ആരംഭിക്കും. സർവകലാശാല യൂനിയൻ പരിപാടികളും കലോത്സവ നടത്തിപ്പും കാലോചിതമായി പരിഷ്കരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ സിൻഡിക്കേറ്റ് അംഗം എൻ. സുകന്യയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു.

Tags:    
News Summary - Kannur University: Advisory Committee to conduct Examinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.