കണ്ണൂരിലെ 728 ഏക്കറിലെ അവകാശവാദം തള്ളി

തിരുവനന്തപുരം: കണ്ണൂർ ഇരിട്ടി താലൂക്കിലെ കല്യാട് വില്ലേജിൽ 728 ഏക്കർ ഭൂമിയിൽ അവകാശമുന്നയിച്ചവരുടെ പരാതി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി തള്ളി. വർഷങ്ങളായി ഈ ഭൂമി ഹരജിക്കാർ കൈവശം വെക്കുന്നതോ ഭൂനികുതി അടയ്​ക്കുന്നതോ അല്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഏകദേശം 880 ഏക്കർ വരുന്ന ഭൂമിയിൽ 157 ഏക്കർ സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്തെന്നും ബാക്കിവരുന്ന 728 ഏക്കറിൽ അവകാശമുണ്ടെന്നും കാട്ടിയാണ്​ കെ.ടി. ഇന്ദിര അടക്കം ഒമ്പതുപേർ അപേക്ഷ നൽകിയത്. സർവേ സൂപ്രണ്ട്, താലൂക്ക് സർവേയർ, കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട്, കല്യാട് വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലപരിശോധന നടത്തിയിരുന്നു.

എന്നാൽ, ഭൂമിയിൽ അവകാശവാദമുന്നയിച്ചവർക്ക് വ്യക്തമായ അതിരുകൾ സർവേ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. 1948ലെ കോടതിവിധി പ്രകാരം ഭൂമിയിൽ തങ്ങൾക്ക്​ അവകാശമുണ്ടെന്നാണ്​ ഹരജിക്കാർ വാദിച്ചത്. പരാതിക്കാർ ഹാജരാക്കിയ രേഖകൾ പരിശോധിച്ചശേഷം ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കുന്നതിന് ശിപാർശ ചെയ്താണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്.

മിച്ചഭൂമി വിട്ടുനൽകാതെ സ്വന്തം കൈവശത്തുനിന്ന്​ ഒഴിവാക്കി ഉപേക്ഷിച്ചുപോയ ഭൂമിയാണിതെന്നും കണ്ടെത്തിയിരുന്നു. അതിനാലാണ് ഭൂമി ഏറ്റെടുത്ത് കണ്ണൂർ കലക്ടർ ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ഹരജിക്കാർ ലാൻഡ് റവന്യൂ കമീഷണർക്ക്​ അപ്പീൽ നൽകി. അപ്പീൽ അപേക്ഷ പരിഗണനാർഹമല്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടർ ലാൻഡ് റവന്യൂ കമീഷണർക്ക്​ റിപ്പോർട്ടും നൽകി. തുടർന്നാണ്​ പുതിയ ഉത്തരവിറങ്ങിയത്​. 

Tags:    
News Summary - Kannur Land Issue -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.