ബൂത്തുകളുടെ അകത്തും പുറത്തും മുഴുവൻ സമയ വെബ് കാസ്റ്റിങ് -കലക്ടർ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് ദിവസം എല്ലാ ബൂത്തുകളുടെയും അകത്തും പുറത്തും മുഴുവൻ സമയവും വെബ്കാസ്റ്റിങ് സൗകര്യമുണ്ടാകുമെന്ന് ജില്ല കലക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. ഓരോ ബൂത്തിന് അകത്തും പുറത്തും എന്താണ് സംഭവിക്കുന്നതെന്ന് കലക്ടറേറ്റിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമിലും തിരുവനന്തപുരത്തെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലും തത്സമയം കാണാൻ സാധിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ല കലക്ടർ.

വീട്ടിലെ വോട്ട് (ഹോം വോട്ട്) സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഭിന്നശേഷിക്കാർ അല്ലാത്ത കിടപ്പുരോഗികളെ ബൂത്തിൽ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുനൽകും. പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളിൽ തങ്ങളുടെ ഏജന്റുമാർ ഉണ്ടെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉറപ്പാക്കണം.

പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബൂത്തുകളെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ പരാതി അറിയിച്ചാൽ പൊലീസ് വിന്യാസത്തിന് സൗകര്യമാകുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് പറഞ്ഞു. നിർമിതബുദ്ധി ഉപയോഗിച്ച് സോഷ്യൽ മീഡിയ കണ്ടന്റ് ഉപയോഗിക്കുമ്പോൾ അത് നിർമിത ബുദ്ധി ഉപയോഗിച്ചാണ് ചെയ്തത് എന്ന കാര്യം വെളിപ്പെടുത്തണം. പൊതുസ്ഥലങ്ങളിൽ പതിച്ച പ്രചാരണ സാമഗ്രികൾ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നീക്കംചെയ്യുമ്പോൾ അതിന്റെ ചെലവ് അതത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ വരുമെന്ന് എ.ഡി.എം കല ഭാസ്‌കർ പറഞ്ഞു. യോഗത്തിൽ എൻ. ചന്ദ്രൻ, ചന്ദ്രൻ തില്ലങ്കേരി, യു.ടി. ജയന്തൻ, നസീർ ചാലാട്, വെള്ളോറ രാജൻ, ജോൺസൺ പി. തോമസ്, ഡോ. കെ. ജോസഫ് തോമസ്, കെ.എസ്. സാദിഖ്, സി. ധീരജ്, പി.സി. അശോകൻ, സി. ബഷീർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Full-time webcasting inside and outside booths - Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.