ക​ള​റു​പാ​റ സി​നോ​ജി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച റ​ബ​റും ക​ശു​മാ​വും

എടപ്പുഴയിൽ കാട്ടാനഭീഷണി തുടരുന്നു; വ്യാപകമായി കൃഷി നശിപ്പിച്ചു

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ-വാളത്തോട് മേഖലയിൽ മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ ആക്രമണം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം എടപ്പുഴ എം.എസ്.എം.ഐ കോൺവെൻറിലെ കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങി കൃഷികൾ നശിപ്പിച്ചു.

എടപ്പുഴ സെന്റ് ജോസഫ്സ് പള്ളിക്ക് സമീപവും കാട്ടാന തെങ്ങ് നശിപ്പിച്ചു. സമീപത്തെ സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിലും കശുമാവ്, തെങ്ങ്, കവുങ്ങ്, വാഴ, റബർ തുടങ്ങിയ കാർഷികവിളകൾ ആനക്കൂട്ടം ചുവടെ പിഴുതെടുത്ത് നശിപ്പിച്ചു.

കളറുപാറ സിനോജ്, വട്ടുകുളം ബെന്നി, കളറുപാറ രാജു, പള്ളത്ത്കാലായിൽ ലിസി തുടങ്ങി നിരവധിപേരുടെ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചു. സമീപ മേഖലയായ വാളത്തോടും മേഖലയിലും കഴിഞ്ഞദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതച്ചത്. സിനോജിന്റെ കൃഷിയിടത്തിലെ 25 റബറും 15 കശുമാവും 100 മീറ്ററോളം കയ്യാലയും നശിപ്പിച്ചു. കശുമാവുകൾ ചുവടെ കുത്തിയിളക്കി നശിപ്പിച്ചു. റബറിന്റെ തൊലി ഉൾപ്പെടെ പൊളിച്ചുതിന്ന നിലയിലാണ്.

വനമേഖലയോട് ചേർന്നുകിടക്കുന്ന എടപ്പുഴ വാളത്തോട് മേഖലയിൽ കൃഷിയിടങ്ങൾ മുഴുവൻ ആനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു. ഈനില ഒരുമാസം കൂടി തുടർന്നാൽ പ്രദേശം തരിശുഭൂമിക്ക് തുല്യമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

എടപ്പുഴ കുരിശുമല മേഖലയിലെ വനത്തിലാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. വാളത്തോട്-എടപ്പുഴ മേഖലയിൽ പഞ്ചായത്തും വനംവകുപ്പും ചേർന്ന് നിർമിക്കുന്ന താൽക്കാലിക വേലി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, കെ.സി. ചാക്കോ, ജോസ്‌കുഞ്ഞ് തടത്തിൽ, മേഴ്‌സി മരിയ തുടങ്ങിയവർ കാട്ടാന കൃഷികൾ നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.

Tags:    
News Summary - എടപ്പുഴയിൽ കാട്ടാനഭീഷണി തുടരുന്നു; വ്യാപകമായി കൃഷി നശിപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.