മാട്ടൂലിൽ കുറുനരി ആക്രമണം; നാലു പേർക്കുകൂടി കടിയേറ്റു

പഴയങ്ങാടി: രണ്ട് ദിവസങ്ങളിലായി എട്ടോളം പേരെ കുറുനരി കടിച്ച മാട്ടൂൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസവും നാലു പേരെ കുറുനരി കടിച്ച് പരിക്കേൽപിച്ചു. ആറാം വാർഡിലെ വി.പി. മുംതാസ് (46), ശാഹിൻ (45), പത്താം വാർഡിലെ സാവിത്രി കൂവോടൻ (63), 13ാം വാർഡിലെ ടി.എച്ച്. ഷിബു (46) എന്നിവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. മൂന്ന് ദിവസങ്ങളിലായി കുരുനരിയുടെ ആക്രമണത്തിൽ 12 പേർക്കാണ് ആകെ കടിയേറ്റത്.

വിവിധ വാർഡുകളിൽ വ്യത്യസ്ത സമയങ്ങളിലായിരുന്നു കുരുനരിയുടെ ആക്രമണം. മത്സ്യവിൽപനക്കിടയിൽ ഒരാൾക്ക് കടിയേറ്റ തൊഴിച്ചാൽ വീടുകൾക്കടുത്ത് വെച്ചാണ് പലർക്കും കടിയേറ്റത്. ഒരേ കുരുനരിയിൽ നിന്നാണോ എല്ലാവർക്കും കടിയേറ്റതെന്ന് വ്യക്തമല്ല. ഏഴുപേർക്ക് കടിയേറ്റ രണ്ടാം ദിവസം വനം ഉദ്യോഗസ്‌ഥൻ സ്ഥലത്തെത്തിയിരുന്നെങ്കിലും കുരുനരിയെ കണ്ടെത്തിയില്ല. തുടർനടപടികളുമുണ്ടായില്ല.

മൂന്നു ദിവസമായി ജനവാസ കേന്ദ്രങ്ങളിൽ കുറുനരിയുടെ അക്രമണമുണ്ടായതോടെ പ്രദേശത്ത് ഭീതി പടർന്നു. വിദ്യാർഥികളിലും വിവിധ ആവശ്യങ്ങൾക്കായി പുലർകാലങ്ങളിൽ പുറത്തിറങ്ങുന്നവരും ഭീതിയിലാണ്. പള്ളികളിലേക്ക് പ്രാർഥനക്ക് പോകുന്നവരും ഭയത്തിലാണ്.

12 പേർക്ക് കുറുനരിയുടെ കടിയേൽക്കുകയും പ്രദേശത്ത് ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് മാട്ടൂൽ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. കുറുനരിയെ പിടികൂടാനായി കൂടുകൾ സ്ഥാപിക്കണമെനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം. പ്രശ്നത്തിൽ അടിയന്തര ശ്രദ്ധ ക്ഷണിച്ച് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂൽ കണ്ണൂർ ജില്ല കലക്ടർക്ക് കത്ത് നൽകി. ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണെന്ന്‌ ജില്ല കലക്ടർ അറിയിച്ചു. കുറുനരിയെ പിടികൂടുന്നത് വരെ അതീവ ജാഗ്രത പാലിക്കണമെന്ന്‌ പഞ്ചായത്ത് നിവാസികളോട് മാട്ടൂൽ ഗ്രാപഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - മാട്ടൂലിൽ കുറുനരി ആക്രമണം; നാലു പേർക്കുകൂടി കടിയേറ്റു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.