കാര്യങ്കോട് പുഴയിലെ റാഫ്റ്റിങ് പുനരാരംഭിച്ചപ്പോള്‍ എത്തിയ വിനോദസഞ്ചാരികള്‍
ചെറുപുഴ: രക്ഷാപ്രവര്‍ത്തനത്തിനിടെ കാര്യങ്കോട് പുഴ കവര്‍ന്ന റെപ്പലിങ് ഇന്‍സ്ട്രക്ടര്‍ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിന്റെ ഓര്‍മകള്‍ ബാക്കിയാക്കി ഒരാഴ്ചത്തെ ഇടവേളക്കുശേഷം കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് തുടങ്ങി. കനത്തമഴയില്‍ പുഴ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഒന്നിനാണ് പുഴയിലെ സാഹസിക വിനോദമായ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് നിര്‍ത്തിവെച്ചത്. ശനി രാവിലെ മീന്തുള്ളിയില്‍നിന്ന് പുറപ്പെട്ട ആദ്യസംഘം റാഫ്റ്റിങ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടി പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു.
അപകട സാഹചര്യം മുന്നില്‍ക്കണ്ട് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയതോടെ എല്ലാ ഓപറേറ്റര്‍മാരും റാഫ്റ്റിങ് നിര്‍ത്തിവെക്കുകയും വിനോദസഞ്ചാരത്തിനെത്തിയവരെ പുഴ തീരത്തുനിന്നും മാറ്റുകയും ചെയ്തു. അല്‍പസമയത്തിനകം പുഴ രൗദ്രഭാവം പൂണ്ട് കരകവിഞ്ഞൊഴുകി. ഇതിനിടെ മീന്തുള്ളി തുരുത്തില്‍ കുടുങ്ങിപ്പോയ കോഴിച്ചാല്‍ സ്വദേശി ബെന്നിയെ രക്ഷപ്പെടുത്താനെത്തിയപ്പോഴാണ് റെപ്പലിങ് ഇന്‍സ്ട്രക്ടറായ രാജേഷ് ഒഴുക്കില്‍പ്പെട്ടത്. രാജേഷിനെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പിന്നീടുള്ള മൂന്നു ദിവസങ്ങളിലും റാഫ്റ്റിങ് സംഘങ്ങള്‍.
കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് നടത്തുന്ന എല്ലാ ഓപറേറ്റര്‍മാരും ഗൈഡുകളും പല ടീമുകളായി തിരിഞ്ഞ് ദിവസവും രാവിലെ മുതല്‍ പുഴയില്‍ തിരച്ചില്‍ നടത്തിയതിനൊടുവിലാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ നീരൊഴുക്ക് സാധാരണഗതിയിലായതോടെയാണ് ഒരാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന റാഫ്റ്റിങ് ഞായറാഴ്ച രാവിലെ പുനരാരംഭിച്ചത്. റാഫ്റ്റിങ് പുനരാരംഭിച്ചതറിഞ്ഞ് നേരത്തെ ബുക്കു ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ റാഫ്റ്റിങ്ങിനെത്തിയിരുന്നു. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും റോഡുകള്‍ക്കും വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കിയ കാലവര്‍ഷക്കെടുതി ചെറുപുഴയുടെ ടൂറിസം മേഖലയിലും കനത്ത നഷ്ടമാണ് വരുത്തിവെച്ചത്.
റാഫ്റ്റിങ്ങിനെത്തുന്നവര്‍ക്ക് തയാറെടുപ്പുകള്‍ നടത്താനുള്ള താൽക്കാലിക ഷെല്‍ട്ടര്‍ തകര്‍ന്നും റാഫ്റ്റിങ് ഉപകരണങ്ങളായ ജാക്കറ്റ്, പാഡില്‍, ഹെല്‍മറ്റ്, രണ്ടു കയാക്കുകള്‍ എന്നിവ നഷ്ടപ്പെട്ടതിലൂടെ ഒരു ഓപറേറ്റര്‍ക്ക് മാത്രം 18 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. കരകവിഞ്ഞൊഴുകിയ പുഴയില്‍ ഇവരുടെ രണ്ടു റാഫ്റ്റുകള്‍ ഒഴുകിപ്പോയെങ്കിലും കിലോമീറ്ററുകള്‍ അകലെനിന്നും അവ തിരിച്ചുപിടിക്കാനായി. റാഫ്റ്റിങ് നിര്‍ത്തിവെക്കേണ്ടിവന്നതും ബുക്കിങ് കാന്‍സലായതും ഇവര്‍ക്കും മറ്റ് അഞ്ചോളം റാഫ്റ്റിങ് ഓാപറേറ്റര്‍മാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സീസണില്‍ മാത്രം പുതിയതായി അഞ്ചു ഓപറേറ്റര്‍മാരാണ് റാഫ്റ്റിങ്ങിന് മുതല്‍മുടക്കി രംഗത്തെത്തിയത്.
റാഫ്റ്റുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും പരിചയസമ്പന്നരായ ഗൈഡുകളെ എത്തിക്കുന്നതിനും ലക്ഷങ്ങള്‍ ചെലവുണ്ട്. മാത്രമല്ല, വീടുകള്‍ വലിയ തുക വാടകക്കെടുത്താണ് റാഫ്റ്റിങ്ങിനെത്തുന്നവര്‍ക്കുള്ള ക്യാമ്പ് ഓഫിസ് ഒരുക്കുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രമാണ് കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് നടക്കാറുള്ളത്. ജൂണില്‍ മഴ കുറഞ്ഞതും ആഗസ്റ്റ് ആദ്യം തന്നെ മഴക്കെടുതിമൂലം റാഫ്റ്റിങ് നിര്‍ത്തിവെക്കേണ്ടി വന്നതും വലിയ നഷ്ടമാണ് ഇവര്‍ക്കുണ്ടാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ വരെയെങ്കിലും മഴ നീണ്ടുനിന്നില്ലെങ്കില്‍ മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാകാതെ ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വരും.
റാഫ്റ്റിങ്ങുമായി നേരിട്ട് ബന്ധമില്ലെങ്കിലും റാഫ്റ്റിങ് ഓപറേറ്റര്‍മാരിലൊരാളുടെ സംരംഭമാണ് രാജേഷ് ജോലി ചെയ്തിരുന്ന മീന്തുള്ളി വാട്ടര്‍ഫാള്‍സിലെ റെപ്പലിങ് എന്ന സാഹസിക വിനോദം. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിലൂടെ റോപ്പില്‍ പിടിച്ച് ഊര്‍ന്നിറങ്ങുന്ന വിനോദമാണ് റെപ്പലിങ്. ഇതിന് വിനോദസഞ്ചാരികളെ സഹായിക്കുന്നതായിരുന്നു അകാലത്തില്‍ പൊലിഞ്ഞ രാജേഷിന്റെ ജോലി. രാജേഷിനെ നഷ്ടപ്പെട്ടതോടെ ഇവിടേക്ക് പുതിയ ഇന്‍സ്ട്രക്ടറെ കണ്ടെത്തേണ്ടതുണ്ട്.
അതിനാല്‍ റെപ്പലിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മലയോരത്തേക്ക് വേറിട്ടൊരു സാഹസിക വിനോദം എത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ വര്‍ഷം മുതല്‍ മീന്തുള്ളി വെള്ളച്ചാട്ടത്തില്‍ റെപ്പലിങ് ആരംഭിച്ചത്. അതിന് നേതൃത്വം കൊടുത്ത ആള്‍ക്ക് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നതിന്റെ ഓര്‍മകളാണ് ഇപ്പോള്‍ കാര്യങ്കോട് പുഴയില്‍ അലയടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.