അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിക്കുന്നു
കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കി വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്ന് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ഡിപ്പോക്ക് നാലേക്കറിലധികം സ്ഥലമുണ്ട്. പ്രിയദർശിനി സർവിസിന്റെ വരവോടെ യാത്രക്കാരുടെ എണ്ണം വർധിച്ചു. എന്നാൽ, യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. യാത്രക്കാർക്കായി നല്ല ഇരിപ്പിടമോ ഫാൻ സൗകര്യങ്ങളോ വെളിച്ചമോ ലഭിക്കുന്നില്ല.
രാത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലാണ്. വർക് ഷോപ്പിൽ ആവശ്യമായ വെളിച്ചമില്ലാത്തത് രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ വിശ്രമമുറികളിൽ അടിസ്ഥാന സൗകര്യങ്ങളില്ല. നൂറുകണക്കിന് ജീവനക്കാർ ജോലിചെയ്യുന്ന ഇവിടെ കാന്റീൻ സൗകര്യവുമില്ല.
ഇത്തരം കാര്യങ്ങൾ ജീവനക്കാരുമായി കൂടിയാലോചിച്ച് വിശദമായി റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിന് ട്രാൻസ്പോർട്ട് ഓഫിസറെയും ഡിപ്പോ എൻജിനീയറെയും ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിക്കുന്നമുറക്ക് മന്ത്രിയെയും കെ.എസ്.ആർ.ടി.സി എം.ഡിയെയും കണ്ട് ഇത് സമർപ്പിക്കും. വകുപ്പ് മന്ത്രി ഡിപ്പോ നേരിൽ സന്ദർശിക്കുന്നതിനും യോഗം വിളിച്ചുചേർക്കുന്നതിനും മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും എം.എൽ.എ അറിയിച്ചു.
ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം ഡിപ്പോ സന്ദർശിക്കുകയായിരുന്നു എം.എൽ.എ. ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സുധീഷ് കടന്നപ്പള്ളി, കെ.പി. രമേശൻ, എൻ. പ്രസാദ്, തോമസ് തോട്ടത്തിൽ, ടി.കെ. അജിത്, ശശിധരൻ, ജോൺസൺ പി. തോമസ് തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.