കണ്ണൂര്‍: കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള മെഗാതൊഴിൽ മേള ‘ജോബ് എക്സ്പോ’ ശനിയാഴ്ച നടക്കുമെന്ന് മേയർ ടി.ഒ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോര്പറേന് ദേശീയ നഗര ഉപജീവന മിഷനുമായും കുടുംബശ്രീയുമായും യോജിച്ച് നടത്തുന്ന മെഗാ തൊഴില്‍മേള ശനിയാഴ്ച പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് നടക്കുക. 18 വയസ്സ് കഴിഞ്ഞ കണ്ണൂര്‍ ജില്ലയിലെ ഏതൊരാള്‍ക്കും മേളയില്‍ പങ്കെടുക്കാം.
നൂറിലധികം കമ്പനികളില്‍ നിന്ന് 1000ത്തിലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ തൊഴിലില്ലാത്ത നിരവധി പേര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പൂര്‍ണമായും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്ന തൊഴില്‍മേളയില്‍ വിദേശത്തും ജില്ലക്കകത്തും പുറത്തുമായും നിരവധി തൊഴിലവസരങ്ങളുണ്ട്. ശനിയാഴ്ച രാവിലെ
ഒമ്പത് മുതല്‍ സ്പോട്ട് രജിസ്ട്രേഷന് ആരംഭിക്കും. ഓരോ വ്യക്തിക്കും അവര്‍ക്ക് അനുയോജ്യമായ മൂന്ന് കമ്പനികളില്‍ അഭിമുഖത്തിന് പങ്കെടുക്കാം. ഉദ്യോഗാർഥികള്‍ മൂന്ന് വീതം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും കൊണ്ടുവരണം.
ബാങ്കിങ്, ഏവിയേഷന്‍,അക്കൗണ്ടിങ്, ടൂറിസം, ഹെല്‍ത്ത്, ഐ.ടി, എൻജിനീയറിങ്, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് എന്നിങ്ങനെ നിരവധി മേഖലകളില്‍ തൊഴിലവസരങ്ങളും ഉണ്ട്.
കോര്പറേഷന് ദേശീയ നഗര ഉപജീവന മിഷന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ അക്കൗണ്ടിങ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം, ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണം എന്നിവയും നടക്കും. രാവിലെ പത്തിന് മേയര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി. ഷമീമ, എം.പി. രാജേഷ്, സിയാദ് തങ്ങൾ, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി മാനേജർ നിതിൻ, ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ: കോർപറേഷനിൽ 26,300 തൊഴിൽരഹിതരെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം അവസാനത്തോടെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പ്രകാരം നടത്തിയ സർവേയിലാണ് ഈ കണക്കുകകൾ. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകയറി നടത്തിയ സർവേയിലാണ് തൊഴിൽ രഹിതരുടെ കണക്കുകൾ ശേഖരിച്ചത്.
പ്രത്യേക ആപ് വഴി ഡിജിറ്റലായാണ് തൊഴിൽരഹിതരുടെ വിവരങ്ങൾ ശേഖരിച്ചത്. പ്ലസ് ടുവിന് മുകളിൽ യോഗ്യതയുള്ളവരുടെ കണക്കാണിത്. ഇതിൽ കൂടുതലും ബിരുദ, പി.ജി യോഗ്യതയുള്ളവരുമാണ്. ഇതേതുടർന്നാണ് മേള നത്താൻ കോർപറേഷൻ തീരുമാനിച്ചതെന്നും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും ഇതിൽ പങ്കെടുക്കാമെന്നും മേയർ അറിയിച്ചു. കോര്‍പറേഷനിൽ നിലവിലുള്ള ഭരണ സമിതി അധികാരമേറ്റിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്.
ഈ കാലയളവില്‍ ജനോപകാരപ്രദമായ ഒട്ടേറെ വികസന പദ്ധതികള്‍ ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിച്ചിട്ടുണ്ട്. നിരവധി വികസന പദ്ധതികള്‍ക്കൊപ്പം വ്യത്യസ്തമായ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം തൊഴില്‍ മേള സംഘടിപ്പിക്കുന്നതെന്നും മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.