കെ.എസ്.ടി.പി റോഡിൽ വീണ്ടും അനധികൃത പാർക്കിങ്ങും കച്ചവടവും
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡ് മുതൽ എരിപുരം ട്രാഫിക് സർക്കിൾ വരെയുള്ള മേഖലകളിലെ അനധികൃത വാഹന പാർക്കിങ്ങും തെരുവ് കച്ചവടവും ഗതാഗതത്തിനും കാൽ നടക്കാർക്കും ദുരിതമാകുന്നു.
അനുദിനം വാഹനാപകടങ്ങളും 120 ലേറെപേർ മരിക്കുകയും ചെയ്ത ദുരിതപാതയിൽ പാതയോരത്തെ അലക്ഷ്യമായ വാഹന പാർക്കിങ്ങിനെതിരിലും തെരുവുകച്ചവടങ്ങൾക്കെതിരിലും വ്യാപക പ്രതിഷേധം ഉയർന്നതോടെ പൊലീസ് നേരത്തേ കടുത്ത നടപടി സ്വീകരിച്ചിരുന്നു.
ഈ മേഖലയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തെരുവ് കച്ചവടത്തിനുമെതിരെ പൊലീസ് പിഴ ചുമത്തിയും മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ അനധികൃത പാർക്കിങ്ങും തെരുവ് കച്ചവടവും മാസങ്ങളായി അവസാനിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ വാഹനങ്ങൾ വീണ്ടും റോഡിൽ നിർത്തിയിടുകയാണ്. വശം ചേർന്ന് നടന്നുപോകേണ്ട പാതയോരത്താണ് ഇപ്പോൾ പാർക്കിങ്ങും കച്ചവടവും.
റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ പുലർകാലത്ത് നിർത്തിയിട്ട് രാത്രി വൈകി മാത്രമെടുക്കുന്ന വാഹനങ്ങൾ വരെയുണ്ട്. എരിപുരത്തെ വിദ്യാലയങ്ങളിലേക്ക് പഴയങ്ങാടി ബസ് സ്റാൻഡിൽനിന്നും തിരിച്ചും പോകുന്ന നൂറു കണക്കിനു വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് വാഹന പാർക്കിങ്ങും പാതയോരത്തെ കച്ചവടവും നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നത്.
ബസുകളും വലിയ വാഹനങ്ങളും ഭാരം കയറ്റിയ ഭീമൻ ലോറികളുമടക്കം ദേശീയ പാത ഒഴിവാക്കി കണ്ണൂരിലേക്ക് പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് വഴിയാണ് സഞ്ചരിക്കുന്നത്. പാതയോരത്തെ പാർക്കിങ്ങും കച്ചവടവും കാരണം വാഹനങ്ങൾക്ക് വശം നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. അനധികൃത പാർക്കിങ്ങും തെരുവ് കച്ചവടവും അവസാനിപ്പിച്ച് വാഹന ഗതാഗതത്തിനും കാൽനടക്കും ഈ പാതയിൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.