വൈദ്യുതിമുടക്കം പതിവ്; സോളാർ കണക്ഷൻ ഇനിയും കിട്ടാതെ നിരവധി ഉപഭോക്താക്കൾ

കണ്ണൂർ: വൈദ്യുതിമുടക്കം പലതവണയുണ്ടെങ്കിലും ജില്ലയിൽ സോളാർ കണക്ഷൻ ലഭിക്കാത്തത് നിരധിപേർക്ക്. പലരും ലോണും മറ്റുമെടുത്ത് തങ്ങളുടെ പുരപ്പുറത്ത് സോളാർ പാനലുകൾ സ്ഥാപിച്ച്, മറ്റ് അതുമായി ബന്ധപ്പെട്ട നിർമാണപ്രവൃത്തി നടത്തിയിട്ടുണ്ടെങ്കിലും കെ.എസ്.ഇ.ബിയുടെ കണക്ഷൻ ലഭിക്കാത്തതുകൊണ്ടുമാത്രം ഇത് ഉപയോഗിക്കാൻ സാധിച്ചില്ലെന്നാണ് പരാതി പറയുന്നത്.

സോളാർ പാനലുകളുടെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കാണ് പ്രധാനമായും കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലതാമസം നേരിടുന്നത്. കണക്ഷൻ കൊടുക്കാത്തതിന് കാരണമായി പ്രധാനമായും പറയുന്നത് ത്രീ ഫേസ് ഇംപോർട്ട്-എക്സ്പോർട്ട് മീറ്ററുകൾ ലഭിക്കാത്തതാണെന്നാണ്. കേന്ദ്രസർക്കാറിന്റെ സോളാർ സബ്‌സിഡി (പി.എം സൂര്യ ഘർ) ആനുകൂല്യങ്ങൾ അവസാനിക്കുന്നതിനുമുമ്പേ പാനലുകൾ സ്ഥാപിക്കാൻ ഉപഭോക്താക്കൾ കൂട്ടത്തോടെ അപേക്ഷിച്ചതാണ് മറ്റൊരു കാരണമായി കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.

അതേസമയം, ഏകദേശം 5000 രൂപ വിലവരുന്ന മീറ്ററുകൾ സ്വന്തം ചെലവിൽ പുറത്തുനിന്ന് വാങ്ങി നൽകാൻ കെ.എസ്.ഇ.ബി അനുമതി നൽകുന്നുണ്ട്. ഇതുവഴി അസി. എൻജിനീയറുടെ പരിശോധന പൂർത്തിയാക്കി കണക്ഷൻ വേഗത്തിലാക്കാൻ സാധിക്കും. എന്നാൽ, സർക്കാർ അനുവദിക്കുന്ന മീറ്ററുകൾ ഉയർന്ന തുക നൽകി എന്തിന് വാങ്ങണമെന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്.കേരളത്തിലാകെ ഏകദേശം 3.6 ലക്ഷത്തിലധികം റൂഫ്‌ടോപ് സോളാർ പ്ലാന്റുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട് എന്നാണ് കണക്ക്.

കേന്ദ്രസർക്കാർ സബ്സിഡി കൂടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വർധനയുണ്ടായിരിക്കുന്നത്. ജില്ലയിൽ മാത്രം ഏകദേശം 20,000 മുതൽ 30,000 വരെ ഗാർഹിക-വാണിജ്യ സോളാർ കണക്ഷനുകളുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി നെറ്റ് മീറ്ററിനായി കാത്തിരിക്കുന്ന 2040ഓളം പുതിയ കണക്ഷനുകളുണ്ട്. ഒരു കിലോവാട്ട് പ്ലാന്റിന് 30,000 രൂപയും രണ്ടു കിലോവാട്ട് പ്ലാന്റിന് 60,000 രൂപയും മൂന്നു കിലോവാട്ട് പ്ലാന്റിന് 78,000 രൂപയുമാണ് കേന്ദ്രസർക്കാർ സബ്സിഡി ലഭിക്കുക. അതേസമയം, സോളാർ കണക്ഷനിൽ കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിക്കാത്തതുമായി നിരവധി പരാതികളാണ് ദിവസവും ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫിസിൽ എത്തുന്നതെന്നും ത്രീഫേസ് നെറ്റ് മീറ്റർ കിട്ടാത്തതാണ് കണക്ഷൻ കൊടുക്കാൻ പറ്റാത്തതിന് കാരണമെന്നും കെ.എസ്.ഇ.ബി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.

തിരുവനന്തപുരത്തുള്ള എസ്.സി.എം (സപ്ലൈ ചെയിൻ മാനേജ്മെന്റ്) ഓഫിസിൽനിന്നാണ് നെറ്റ് മീറ്റർ സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫിസിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ഇവിടെയുള്ള ക്ഷാമമാണ് ഇത് പ്രധാനമായും വൈകാനിടയാക്കുന്നത്. ഇതിനായി പർച്ചേസ് ഓർഡർ കൊടുത്തിട്ടുണ്ടെന്നും ഇതിനായി ഒരുമാസം കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ വിശദീകരണം.

Tags:    
News Summary - KSEB Solar Connection Delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.