ജനവാസ മേഖലകൾ ഒഴിവാക്കുമെന്ന ഉറപ്പിലും മലയോരത്ത് ആശങ്ക തുടരുന്നു

കേളകം: പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടികളിൽ വ്യക്തത വേണമെന്ന്  മലയോര ജനത. ജനവാസ മേഖലകളും കൃഷി, തോട്ടം ഭൂമികളും പൂർണമായി ഒഴിവാക്കുമെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും, വില്ലേജ് അടിസ്ഥാനത്തിലുള്ള നീക്കം ഭാവിയിൽ എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കസ്തൂരിരംഗൻ റിപ്പോർട്ടിൽ ആദ്യം ഉൾപ്പെട്ടിരുന്ന 123 വില്ലേജുകളിലെ 13,108 ചതുരശ്ര കി.മീറ്ററിൽനിന്ന് പഠനങ്ങൾക്കു ശേഷം ഒഴിവാക്കലുകൾ വരുത്തി, നിലവിൽ 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കി.മീറ്റർ ഉൾപ്പെടുത്തിയുള്ള പുതുക്കിയ നിർദേശമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

33 വില്ലേജുകൾ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യവും ജനവാസ-കൃഷി ഭൂമികൾ പൂർണമായും ഒഴിവാക്കണമെന്ന നിലപാടും സർക്കാർ മുന്നോട്ടുവെക്കുന്നു. എന്നാൽ, നിർദിഷ്ട ഇ.എസ്.എയുടെ കൃത്യമായ അതിർത്തി വ്യക്തമാക്കാത്തതും സർവേ നമ്പർ അടിസ്ഥാനത്തിൽ വിവരങ്ങൾ ലഭ്യമല്ലാത്തതും ജനങ്ങളെ കുഴക്കുന്നു. വനം നിലവിൽത്തന്നെ നിയന്ത്രണങ്ങളിലായതിനാൽ, ജനവാസ മേഖലകളിലേക്ക് ഇ.എസ്.എ കടന്നുവരില്ലെന്ന് ഉറപ്പാക്കാൻ വനത്തിൽ മാത്രം ഇതു പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം. ഉയർന്ന ജനസാന്ദ്രത കണക്കിലെടുത്ത് അന്തിമ വിജ്ഞാപനത്തിനു മുമ്പ് കൃത്യമായ ഭൂപടങ്ങളും സർവേ നമ്പറുകളും പ്രസിദ്ധീകരിച്ച് ആശങ്കകൾ പരിഹരിക്കണമെന്ന് മലയോര ജനത ആവശ്യപ്പെടുന്നു.

ഇ.എസ്.എ സംബന്ധിച്ച സർക്കാറിന്റെ വിശദീകരണങ്ങൾക്കിടയിലും ജനങ്ങളുടെ ആശങ്കകളും പരിഹാരത്തിനായുള്ള പ്രതിഷേധ പരമ്പരകളും മലയോര മേഖലയിൽ ശക്തമായി തുടരുകയുമാണ്.

Tags:    
News Summary - Kasturirangan ESA Village Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.