നി​ർ​ദി​ഷ്ട ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറ​റി​ന് ശി​പാ​ർ​ശ ചെ​യ്ത മാ​ട്ടൂ​ൽ സൗ​ത്ത് മു​ന​മ്പ് പ്ര​ദേ​ശം

മാട്ടൂലിൽ ഫിഷ് ലാൻഡിങ് സെൻറർ; ഫിഷറീസ് വകുപ്പ് സാധ്യത റിപ്പോർട്ട് സമർപ്പിച്ചു

പഴയങ്ങാടി: വടക്കൻ കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ സൗത്ത് മുനമ്പ് പ്രദേശത്ത് പുതിയ ഫിഷ് ലാൻഡിങ് സെന്ററിന് അനുയോജ്യമാണെന്ന് ഫിഷറീസ് ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. മാട്ടൂൽ സൗത്ത് ബസ് സ്റ്റാൻഡിനും ബോട്ട് ജെട്ടിക്കും സമീപത്തായി 10-11 വാർഡുകൾ തമ്മിൽ അതിരിടുന്ന പുഴയോരമാണ് ഫിഷ് ലാൻഡിങ് സെന്ററിന് അനുയോജ്യമെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

മാട്ടൂലിൽ ഫിഷ്‌ ലാൻഡിങ് സെൻറർ യാഥാർഥ്യമാകുന്നത് സ്വദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള മത്സ്യബന്ധന പ്രക്രിയയിൽ നേരിട്ടിടപെടുന്ന തൊഴിലാളികൾ, മത്സ്യമേഖലയുമായി ബന്ധപ്പെട്ട മൊത്ത, ചെറുകിട വ്യാപാരികൾ, അനുബന്ധ തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നത്തിന് സാക്ഷാത്കാരമാവും. സൗകര്യപ്രദമായ ഫിഷ് ലാൻഡിങ് ഉള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതിനും മത്സ്യം വിൽക്കുന്നതിനുമായി മാട്ടൂൽ ബോട്ട് ജെട്ടി മേഖലയെയാണ് നിലവിൽ ആശ്രയിക്കുന്നത്. കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തോട് ചേർന്ന മേഖലയാണ് അനുയോജ്യ സ്ഥലമായി സാധ്യത റിപ്പോർട്ടിൽ ഫിഷറീസ് ഡയറക്ടർ നിജപ്പെടുത്തിയിട്ടുളത്.

നിർദിഷ്ട ഫിഷ് ലാൻഡിങ് സെൻറർ പുഴയോരവുമായി ചേർന്നു സ്ഥാപിക്കപ്പെടുന്നതിനാൽ തിരമാലകളുടെ ആഘാതത്തിൽനിന്നും കടൽക്ഷോഭത്തിൽ നിന്നും സുരക്ഷിതമായിരിക്കുമെന്നതാണ് അനുകൂല ഘടകം. മാട്ടൂൽ പ്രദേശത്തിന്റെ ഭൂപ്രകൃതി സമ്മാനിച്ച ഈ അനുകൂല ഘടകം പരമാവധി ഉപയോഗപ്പെടുത്തി ഫിഷ്‌ ലാൻഡിങ് സെൻറർ യഥാർഥ്യമാക്കണമെന്നതിന് സാധ്യന റിപ്പോർട്ട് ഊന്നൽ നൽകുന്നതായാണ് വിവരം.പ്രദേശത്തെ മത്സ്യബന്ധന, വാണിജ്യ, തൊഴിൽ മേഖലകളുടെ വികസനത്തിനു വലിയ മുതൽക്കൂട്ടാവും ഫിഷ് ലാൻഡിങ് സെൻററെന്നാണ് സാധ്യത റിപ്പാർട്ട് ചൂണ്ടിക്കാണിക്കുന്നത്.

യാനങ്ങൾക്ക് ആവശ്യമായ ആഴക്കൂടുതലുള്ള മേഖലയാണിതെന്നത് പരമ്പരാഗത വള്ളങ്ങൾക്കും ചെറിയ യന്ത്രവത്കൃത ബോട്ടുകൾക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനു സാധ്യമാവും. ഫിഷ് ലാൻഡിങ് സെന്ററിന് അനുബന്ധമായി ലൈറ്റിങ്, കുടിവെള്ളം, വേസ്റ്റ് മാനേജ്മെന്റ്, മത്സ്യബന്ധന ഉപകരണങ്ങളുടെ ശുചീകരണം, അറ്റകുറ്റപ്പണിക്കുള്ള ഷെൽട്ടർ എന്നിവ നിർമിക്കാൻ അനുയോജ്യമായ സ്ഥലം ലഭ്യമാണെന്നും റിപ്പോർട്ടിലുണ്ട്. നിർദിഷ്ട ഫിഷ് ലാൻഡിന് സെൻറർ മത്സ്യം തദ്ദേശ, അയൽദേശ വിപണികളിലെത്തിക്കുന്നതിനും കയറ്റുമതിക്കും സൗകര്യപ്രദമാകും.

നിലവിൽ സുരക്ഷിതമായ ലാൻഡിങ് സെന്റർ ഇല്ലാത്തതിനാൽ ഇവിടത്തെ തൊഴിലാളികൾ മത്സ്യം ഇറക്കുന്നതിനും വിൽക്കുന്നതിനും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.ഈ പ്രതിസന്ധികൾക്ക് പരിഹാരമായി മാട്ടൂൽ സൗത്ത് മുനമ്പിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കുന്നതിനായി തുടർനടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു

ഫിഷ് ലാൻഡിങ് സെൻറർ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് മാട്ടൂൽ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും ഫിഷറീസ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സാധ്യത റിപ്പോർട്ടിന് മന്ത്രിയുടെ ഉത്തരവെന്ന് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നസീർ ബി. മാട്ടൂൽ പറഞ്ഞു. മാട്ടൂൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയും ഫിഷ് ലാൻഡിങ് സെൻറർ യാഥാർഥ്യമാക്കാൻ മന്ത്രിയോടാവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Fisheries Department submits feasibility report on Fish landing center in Mattul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.