കണ്ണൂർ: റോഡിലൂടെ നടക്കുമ്പോൾ കൂറ്റൻ പരസ്യ ബോർഡുകൾ തലയിൽ വീഴുമോയെന്ന ഭീതിയാണ് ജനം. ഇത്തവണ കാലവർഷക്കാറ്റ് ശക്തമായതോടെ ജില്ലയിൽ പലയിടത്തും കൂറ്റൻ ബോർഡുകൾ മറിഞ്ഞുവീണുള്ള അപകടങ്ങൾ വർധിക്കുകയാണ്. യാത്രക്കാരുടെ തലയിൽ വീഴാതെ തലനാരിഴക്കാണ് പലയിടത്തും അപകടം വഴിമാറുന്നത്.
അപകടഭീഷണി ഉയർത്തുന്ന ബോർഡുകൾ പാടില്ലെന്ന് നിയമമുണ്ടെങ്കിലും റോഡിൽ പലയിടത്തും കൂറ്റൻ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും കാണാം. കഴിഞ്ഞ ദിവസം വീശീയടിച്ച കാറ്റിൽ മേലെചൊവ്വ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് തകർന്ന് വീണിരുന്നു. ബോർഡിലെ ഫ്ലക്സുകൾ സമീപത്തെ വൈദ്യുതി ലൈനിലാണ് പതിച്ചത്. പ്രദേശത്തെ നിരവധി ബോർഡുകൾ അന്ന് തകർന്നിരുന്നു.
കഴിഞ്ഞമാസം കാറ്റിൽ പള്ളിക്കുന്നിലെ രണ്ട് കൂറ്റൻ ബോർഡുകളാണ് തകർന്നത്. കണ്ണൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തി കാറ്റ് പിടിക്കാതിരിക്കാൻ ഫ്ലക്സുകൾ നീക്കം ചെയ്ത് ഇരുമ്പ് തൂണുകൾ അടങ്ങിയ കൂറ്റൻ ഫ്രെയിം കയറുപയോഗിച്ച് കെട്ടി നിർത്തുകയായിരുന്നു. അപകടകരമായ ബോർഡുകൾ നീക്കം ചെയ്യണമെന്നു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഹൈകോടതി കർശന നിർദേശം നൽകിയിരുന്നു.
ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് സ്ക്വാഡുകളെയും ഫീൽഡ് സ്റ്റാഫിനെയും നിയോഗിച്ചിരുന്നു. നഗരങ്ങളിൽനിന്ന് നിരവധി ബോർഡുകൾ മാറ്റിയെങ്കിലും അപകടകരമായി തരത്തിൽ പലതും ഇപ്പോഴും തുടരുന്നുണ്ട്. ബോർഡുകൾ പാടില്ലെന്ന് നിയമമുണ്ടെങ്കിലും നടപടിയെടുക്കേണ്ട തദ്ദേശസ്ഥാപനങ്ങൾ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്.
നടപ്പാത കൈയേറിയും രാഷ്ട്രീയപാർട്ടികളുടെയും സമ്മേളനങ്ങളുടെയും ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ജില്ലയിൽ പാതയോരങ്ങളിലും കൈവരികളിലും ട്രാഫിക് ഐലൻഡുകളിലും അനധികൃതമായും കാഴ്ച മറച്ചും സ്ഥാപിച്ച ബോർഡുകളുംഹോൾഡിങ്ങുകളും നീക്കം ചെയ്യാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല മോണിറ്ററിങ് കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ഉയർന്ന കെട്ടിടങ്ങളിൽ ഉയരുന്ന കൂറ്റൻ ബോർഡുകളിൽ കാറ്റ് പിടിക്കാൻ സാധ്യതയേറെയാണ്. ടെറസിൽ കോൺക്രീറ്റ് ചെയ്ത് കാലുകൾ നാട്ടിയാണ് കൂറ്റൻ ബോർഡുകൾ ഉറപ്പിക്കുന്നത്. പലയിടത്തും ഇത്തരം കോൺക്രീറ്റ് കാലുകൾ ഭാരമേറിയ ബോർഡ് താങ്ങിനിർത്താൻ തരത്തിലുള്ളതെന്നാണ് അഗ്നിരക്ഷാസേനാംഗങ്ങൾ പറയുന്നത്.
ബോർഡുകൾ വലിച്ചുകെട്ടിയിട്ടുമുണ്ടാകില്ല. ചെറുകാറ്റിൽപോലും ഇവ മറിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. ദേശീയപാതയിൽ അടക്കം പ്രധാന റോഡുകളിലെ കെട്ടിടങ്ങൾക്ക് മുകളിലെല്ലാം കൂറ്റൻ ബോർഡുകളാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.