കണ്ണൂർ: ഇലക്ട്രിക് സാധനങ്ങള്‍ കവര്‍ന്ന കേസിൽ യുവാവിനെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ മറ്റൊരു കവര്‍ച്ചക്കേസ് കൂടി തെളിഞ്ഞു. സംഭവത്തിൽ നാലുപേരെ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേശന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ചെറുവാഞ്ചേരിയിലെ ബയോ റിസോഴ്സസ് കം അഗ്രോ സർവിസ് സെന്ററിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഈസ്റ്റ് വള്ള്യായി സ്വദേശികളായ മാറോളി ഹൗസില്‍ കെ.പി. വൈഷ്ണവ് (27), മാറോളി ഹൗസില്‍ എം. വിഷ്ണു (23), അമ്പലത്തുംകണ്ടി ഹൗസില്‍ സമർഥ്നാഗ് (18), അനന്തവിഹാര്‍ ഹൗസില്‍ പി. രഗില്‍ (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
നാലിന് രാത്രി ചെണ്ടയാടെ മഹാത്മാഗാന്ധി കോളജില്‍നിന്ന് നിരവധി ഇലക്ട്രിക് സാധനങ്ങള്‍ കവർന്ന സംഭവത്തില്‍ വൈഷ്ണവിനെ കഴിഞ്ഞ ദിവസം കണ്ണവം പൊലീസ് പിടികൂടിയിരുന്നു. ഇയാള ചോദ്യംചെയ്തപ്പോഴാണ് 2024 സെപ്റ്റംബർ 19ന് ചെറുവാഞ്ചേരിയില്‍ നടന്ന കവര്‍ച്ചക്ക് പിന്നിലും വൈഷ്ണവ് അടങ്ങിയ സംഘമാണെന്ന് തെളിഞ്ഞത്. രണ്ടുനില കെട്ടിടത്തില്‍ ഈ സമയത്ത് പഠനം ആരംഭിച്ചിരുന്നില്ല. 45ഓളം സീലിങ് ഫാനുകള്‍, ജനറേറ്റര്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്, എ.സി എന്നിവ അഴിച്ചുമാറ്റി യുവാക്കള്‍ കോപ്പര്‍ വയര്‍ മോഷ്ടിക്കുകയായിരുന്നു. ക്ലാസുകള്‍ ആരംഭിക്കാത്തതിനാല്‍ വല്ലപ്പോഴും മാത്രമേ കെട്ടിടം തുറക്കാറുള്ളു.
ഇത്തരത്തില്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. സ്ഥാപനത്തിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി. ജയരാജ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ 14ന് കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
ചില തെളിവുകള്‍ ലഭിച്ചെങ്കിലും പ്രതികളിലേക്ക് എത്താന്‍ അന്ന് സാധിച്ചിരുന്നില്ല. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞദിവസം വൈഷ്ണവ് പിടിയിലായതോടെ ഈ കേസും ചുരുളഴിയുകയായിരുന്നു. എസ്.ഐമാരായ രാജീവന്, മനോജ്കുമാര്‍, സീനിയര്‍ സി.പി.ഒമാരായ പ്രജിത്ത് കണ്ണിപ്പൊയ്യില്‍, അഷ്റഫ്, രാഗേഷ്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.