പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ ഉണ്ടായ തീപിടിത്തം
പാപ്പിനിശ്ശേരി: അടിക്കടി തീപിടിത്തമുണ്ടാകുന്ന പാപ്പിനിശ്ശേരി തുരുത്തിയിൽ പ്രവർത്തിക്കുന്ന ചമ്പക്കര മരക്കമ്പനിയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി. പുലർച്ചെയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉണങ്ങിയ വസ്തുക്കൾ കൂടുതലായതിനാൽ തീ അതിവേഗം ആളിപ്പടർന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. പിന്നാലെ തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ ഓരോ യൂനിറ്റുകൾകൂടി ചേർന്നതോടെ രാവിലെ ഒമ്പതോടെ തീ പൂർണമായി നിയന്ത്രണവിധേയമാക്കാനായി.
ടൺകണക്കിന് സൂക്ഷിച്ചിരുന്ന മരാധിഷ്ഠിത അസംസ്കൃത വസ്തുക്കളാണ് തീപിടിത്തത്തിൽ കത്തിയമർന്നത്. പ്രാഥമിക കണക്കുകൾപ്രകാരം ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കമ്പനിക്കുള്ളിലെ പ്രധാന യന്ത്രസാമഗ്രികൾ തീപിടിത്തത്തിൽനിന്ന് രക്ഷപ്പെട്ടത് ആശ്വാസകരമായി. വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഒരേസമയം പത്തോളം തൊഴിലാളികൾ ജോലിചെയ്തുവരികയായിരുന്നു.
കണ്ണൂർ ഫയർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഇൻസ്പെക്ടർമാരായ കെ. രാജീവൻ, പി.പി. ജോൺ, ജി.ഡി. ഫിലിപ്പ് എന്നിവരടങ്ങിയ 20ൽപരം അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.