കണ്ണൂർ: തകർന്നുകിടക്കുന്ന പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപാലങ്ങളിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കാൻ തീരുമാനം. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു പാലങ്ങളിലും പരിശോധന നടത്തിയശേഷമാണ് തീരുമാനം. പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡിലെ ഇരുപാലങ്ങളും തകർന്ന് യാത്ര ദുഷ്കരമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയായിരിക്കും അടിയന്തരമായി സ്വീകരിക്കുക. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. പാലക്കാട് ഐ.ഐ.ടി സംഘവും പരിശോധന നടത്തും. ശനിയാഴ്ച രാവിലെ 10നാണ് ഉദ്യോഗസ്ഥർ പാപ്പിനിശ്ശേരി മേൽപാലത്തിൽ പരിശോധന തുടങ്ങിയത്.
പാലത്തിലെ കോൺക്രീറ്റ് ഇളകി ഗർത്തങ്ങളായ ഭാഗങ്ങളും രണ്ട് സ്ലാബുകൾക്കിടയിൽ കോൺക്രീറ്റ് പൊട്ടി എക്സ്പാൻഷൻ ജോയന്റുകളിൽ കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങളും വിശദമായി പരിശോധിച്ചു. പാലത്തിന്റെ അടിഭാഗത്തും പരിശോധന നടത്തി.
തുടർന്ന് താവം മേൽപാലത്തിലും പരിശോധന നടന്നു. ജനത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തരമായി ചെയ്യാവുന്ന നടപടികളായിരിക്കും ഉണ്ടാവുകയെന്നും പാലക്കാട് ഐ.ഐ.ടി സംഘത്തിന്റെ പരിശോധന കഴിഞ്ഞശേഷമേ ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കാനാകൂവെന്നും ഉദ്യോഗസ്ഥ സംഘത്തിനൊപ്പം പാലങ്ങൾ സന്ദർശിച്ച എം.എൽ.എമാരായ കെ.വി. സുമേഷും എം. വിജിനും പറഞ്ഞു.
പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡിലെ രണ്ട് റെയിൽവേ മേൽപാലങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തകരാറുകൾ പരിശോധിക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മേൽപാലങ്ങളിൽ തുടർച്ചയായി തകരാറുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയം എം.എൽ.എമാരായ കെ.വി. സുമേഷ്, എം. വിജിൻ എന്നിവർ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുകയുമായിരുന്നു.
പൊതുമരാമത്ത് ചീഫ് എൻജിനീയർ ഐസക് വർഗീസ്, കെ.എച്ച്.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ സോണി, എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഷെമി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷ, എക്സിക്യൂട്ടിവ് എൻജിനീയർ എം. സജിത്ത്, എ.ഇ. സച്ചിൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സജീവൻ എന്നിവരും എം.എൽ.എമാർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.