കുമ്പള: അരനൂറ്റാണ്ടുമുമ്പ് കുമ്പള ബസ്സ്റ്റാൻഡിനടുത്തുള്ള ഇരുനില കെട്ടിടത്തിലെ മുകൾ നിലയിൽ ‘ഷാംരാജ് ക്ലിനിക്’ എന്ന പേരിൽ ആതുരസേവനം തുടങ്ങിയപ്പോൾ നാട്ടുകാർ നൽകിയ പേരാണ് മാളിക ഡോക്ടർ. മറ്റൊന്നും കൊണ്ടല്ല, ഡോക്ടർ മാളിക മുകളിലായതുകൊണ്ടാണ്. അങ്ങനെ ജനമനസ്സിെൻറ മാളികയിൽ കയറിയ സാധാരണക്കാരെൻറ ഡോക്ടറാണ് സർവേശ്വര ഭട്ട്.
1968ൽ കുമ്പളയിൽ സേവനം തുടങ്ങിയതുമുതൽ എട്ടുവർഷത്തോളം വിശ്രമമില്ലാത്ത സേവനമായിരുന്നുവെന്നും അത്യാവശ്യഘട്ടങ്ങളിൽപോലും ലീവെടുക്കാൻ സാധിച്ചിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. കാൽനടയായും കാളവണ്ടിയിലും തോണിയിലുമായി 10 കിലോമീറ്റർ ദൂരം വരെയുള്ള വീടുകളിൽപോയി ഡോക്ടർ ചികിത്സ നടത്തിയിരുന്നു.
അന്ന് കുമ്പളയിൽ രണ്ട് ടാക്സികളെ ഉണ്ടായിരുന്നുള്ളൂ. അയിത്തപ്പ ഷെട്ടിയാർക്കും അബ്ദുല്ല സാഹിബിനും. റോഡും പാലവും കൃത്യമായി ഇല്ലാത്തതുകാരണം രാത്രികാലങ്ങളിൽ പോലും തോണിയിൽ കിലോമീറ്ററുകളോളം യാത്രചെയ്ത് സേവനം ചെയ്തിരുന്നു. കുമ്പള, പെർള, സീതാംഗോളി, ആരിക്കാടി, കോയിപ്പാടി, മൊഗ്രാൽ, കൊടിയമ്മ തുടങ്ങിയ പ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്നു ഡോ. സർവേശ്വര ഭട്ട്. ധർമത്തടുക്ക സ്കൂളിലാണ് ഡോക്ടർ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. തുടർന്ന് നാരായണമംഗലത്തുനിന്ന് സംസ്‌കൃത വിദ്യാഭ്യാസം നേടി മഞ്ചേശ്വരം എസ്.എ.ടി സ്കൂളിൽ ഹൈസ്കൂൾ പഠനവും മദ്രാസ് യൂനിവേഴ്സിറ്റി അലോഷ്യസിൽനിന്ന് കോളജ് പഠനവും പൂർത്തിയാക്കി.
പിന്നീട് പാലക്കാട് പ്രീമെഡിക്കൽ കോഴ്സ് ചെയ്യുകയും കാലിക്കറ്റ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂർത്തിയാക്കുകയും ചെയ്തു. 1964 മുതൽ മൂന്നുവർഷം സംസ്ഥാന ഗവ. മെഡിക്കൽ സർവിസിലും തുടർന്ന് കാസർകോട് ജില്ലയിലെ മുള്ളേരിയ, ബോവിക്കാനം, അടൂർ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. കുമ്പളയിൽ 50 വർഷം ആതുരസേവനരംഗത്ത് തുടരുമ്പോഴും ഡോക്ടറുടെ ചികിത്സക്ക് ‘കൈപൊൽസുണ്ടെന്ന്’ രോഗികളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഡോക്ടറുടെ ക്ലിനിക്കിൽ തിരക്കൊഴിയാറില്ല. പരിശോധനക്കും മരുന്നിനുമൊക്കെയായി ചെറിയ ഫീസ് മാത്രമാണ് ഈടാക്കുന്നത്. ശാരദയാണ് ഭാര്യ. ഏകമകൻ ഷാംരാജ് യു.എസിലാണ്. കുമ്പള ടൗണിനടുത്തുള്ള വീട്ടിലാണ് ഡോക്ടറുടെ താമസം. ഡോ. സർവേശ്വര ഭട്ടിനെ ജൂലൈ ഒന്ന് ഡോക്‌ടേഴ്‌സ് ദിനത്തിൽ ആദരിക്കാനൊരുങ്ങുകയാണ് മൊഗ്രാൽ ദേശീയവേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.