തലശ്ശേരി: ജില്ല അത് ലറ്റിക് മീറ്റിൽ മൂന്നാം ദിനത്തിലും മികച്ച പ്രകടനത്തിലൂടെ കപ്പ് സ്വന്തമാക്കി കണ്ണൂർ അത് ലറ്റിക് അക്കാദമി. വാശിയേറിയ ട്രാക്ക്-ഫീൽഡ് മത്സരങ്ങൾക്കൊടുവിൽ 264 പോയന്റുമായാണ് രണ്ടാം തവണയും കണ്ണൂർ അത് ലറ്റിക് അക്കാദമി വിജയ കിരീടമണിഞ്ഞത്. മൂന്ന് ദിവസങ്ങളിലായി തലശ്ശേരി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലും ധർമടം ഗവ. ബ്രണ്ണൻ കോളജ് സായ് സിന്തറ്റിക് സ്റ്റേഡിയത്തിലുമായി നടന്ന ജില്ല അത് ലറ്റിക് മീറ്റിൽ 182 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോഴാണ് 264 പോയന്റ് നേടി കണ്ണൂർ അത് ലറ്റിക് അക്കാദമി ചാമ്പ്യന്മാരായത്.
190 പോയന്റുമായി ഗവ. മുനിസിപ്പൽ വി.എച്ച്.എസ്.എസ് കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. തലശ്ശേരി അത് ലറ്റിക്സ് ക്ലബ് 157 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി. ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാദമി 106 പോയന്റ്, ഫാസ്റ്റ് അക്കാദമി കാങ്കോൽ 73 പോയന്റ്, പേരാവൂർ അത് ലറ്റിക്സ് അക്കാദമി 72 പോയന്റ് എന്നീ ടീമുകളാണ് തൊട്ടുപിന്നിലുളളത്. സമാപന ദിനത്തിൽ ഒരുമീറ്റ് റെക്കോഡും പിറന്നതോടെ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ആകെ അഞ്ച് മീറ്റ് റെക്കോഡുകളുണ്ടായി. അണ്ടർ 20 പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിലാണ് ശനിയാഴ്ചത്തെ മീറ്റ് റെക്കോഡ്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ സാഫ് ഗെയിംസ് മെഡൽ ജേതാവ് വി.ടി. ഷിജില സമ്മാനദാനം നിർവഹിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ഷിനിൽ കുര്യാക്കോസ്, യു. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.