കണ്ണൂർ: സംഗീതവും നൃത്തച്ചുവടുകളും വൈദ്യുതി ദീപങ്ങളും ഒരുക്കുന്ന മായക്കാഴ്ചകൾ... രാവേറും വരെ ഒഴുകിയെത്തുന്ന ജനസഞ്ചയം. ഉത്സവ ലഹരിയിലേക്ക് ഇനി കണ്ണൂർ നഗരം. കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന ‘കണ്ണൂർ ദസറ’ക്ക് ചൊവ്വാഴ്ച കലക്ടറേറ്റ് മൈതാനിയിൽ തുടക്കമാകും. വർണവൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ നഗര രാത്രികൾക്കു മാറ്റേകും. മൈസൂരു ദസറ കണ്ടവർ പണ്ടുമുതൽ രണ്ടാം ദസറ എന്ന് പേരിലാണ് കണ്ണൂരിലെ നവരാത്രി ആഘോഷങ്ങളെ വിളിക്കാറുള്ളത്. കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കിയാണ് ഇത്തവണയും കണ്ണൂർ ദസറയെത്തുന്നത്.
സാംസ്കാരിക സന്ധ്യ, സംഗീതം, നൃത്തം, കലാപരിപാടികൾ, മെഗാ ഷോ എന്നിവ വിവിധ ദിവസങ്ങളായി അരങ്ങേറും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് ആൽമരം മ്യൂസിക് ബാൻഡ് നടക്കും. ബുധനാഴ്ച ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ്, 25ന് രഞ്ജു ചാലക്കുടി നയിക്കു മെഗാഷോ, 26ന് ലൈവ് റാപ് ഷോ, 27ന് കൊല്ലം ഷാഫിയും രഹനയും നയിക്കുന്ന ഇശൽരാവ്, 28ന് അജയ് ഗോപാൽ നയിക്കുന്ന ഗാനമേള, 29ന് സോങ്സ് ഓഫ് സോൾ ആൻഡ് സോയിൽ, ബിൻസിയും ഇമാമും പാടുന്നു, 30ന് ആശ ശരത്തിന്റെ ആശാനടനം എന്നിവ അരങ്ങേറും. ഒക്ടോബർ ഒന്നിന് സമാപിക്കും. പങ്കുവെക്കാം സ്നേഹം, പങ്കുചേരാം ദസറ എന്ന പ്രമേയത്തിലാണ് ഇത്തവണ ദസറ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊടിയേറ്റം കലക്ടറേറ്റ് മൈതാനിയിൽ നടക്കും. തുടർന്ന് കോർപ്പറേഷൻ പരിധിയിലെ അംഗൻവാടി ജീവനക്കാർ അവതരിപ്പിക്കുന്ന മെഗാ ഒപ്പന മൈതാനത്ത് നടക്കും.
മെഗാ ശുചീകരണം
കണ്ണൂർ ദസറ ആഘോഷ പരിപാടിയുടെ മുന്നോടിയായി കോർപറേഷന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. കണ്ണൂർ ദസറയുടെ വേദിയായ കലക്ടറേറ്റ് മൈതാനത്ത് നടത്തിയ ശുചീകരണ പ്രവൃത്തി മേയർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ്, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, ടി. രവീന്ദ്രൻ, എൻ. ഉഷ, എ. കുഞ്ഞമ്പു പി.വി. ജയസൂര്യൻ, ക്ലീൻ സിറ്റി മാനേജർ ഷൈൻ പി. ജോസ് എന്നിവർ നേതൃത്വം നൽകി.
കോർപറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ, സാനിറ്റേഷൻ വർക്കർമാർ പങ്കെടുത്തു. സോണലുകൾ കേന്ദ്രീകരിച്ചും റെസിഡൻസ് അസോസിയേഷനുകൾ അവരുടെ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സോണലുകൾ കേന്ദ്രീകരിച്ച് കൗൺസിലർമാരായ കെ.പി അനിത (പള്ളിക്കുന്ന്) പനയൻ ഉഷ. എൻ ശകുന്തള (പുഴാതി) കെ. പ്രദീപൻ (ചെലോറ) എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.