റോബിൻ കുന്നേൽ തടത്തിലിന്റെ ആനകൾ നശിപ്പിച്ച റബർ മരങ്ങൾ
ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കൂമന്തോട് കുരിശുമലയിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം ഫാമിൽനിന്ന് തുരത്തിയ കാട്ടാനക്കൂട്ടം കൂമൻതോട് കുരിശുമലയിലെ ജനവാസമേഖലയിൽ ഇറങ്ങിയാണ് നാശം വിതച്ചത്. കരിക്കോട്ടക്കരി ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശമാണിത്. പത്തോളം കർഷകരുടെ കൃഷിഭൂമിയിലാണ് ആനക്കൂട്ടമെത്തിയത്. റബർ, കശുമാവ്, വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക് ഉൾപ്പെടെയുള്ളവ വ്യാപകമായി നശിപ്പിച്ചു. വനാതിർത്തിയിൽ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേലി ചാർജ് ചെയ്യാത്തതാണ് ആനക്കൂട്ടം ഇറങ്ങിയതിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
റബറിന്റെ തോല് കടിച്ചെടുത്തതാണ് കർഷകരെ ഏറെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞവർഷവും ഈ വർഷം മൂന്നുതവണയും മേഖലയിൽ കാട്ടാന എത്തിയെങ്കിലും ചെറിയ നാശമേ ഉണ്ടാക്കിയിരുന്നുള്ളൂ. എന്നാൽ, ഇക്കുറി റബറിന് നേരെ തിരിഞ്ഞതാണ് കർഷകരുടെ ആശങ്ക ഇരട്ടിയാക്കുന്നത്. മേഖലയിൽ ഏക്കർകണക്കിന് പ്രദേശം റബർ മേഖലയാണ്. റോബിൻ കുന്നേൽതടത്തിലിന്റെ ആറു വർഷം പ്രായമായ 40ഓളം റബറുകളുടെ തോലുകൾ കാട്ടാന കടിച്ചെടുത്തു. ഇത് അസാധാരണ സംഭവമാണെന്നാണ് റോബിൻ പറയുന്നത്. ഒന്നര ഏക്കറോളം വരുന്ന റോബിന്റെ സ്ഥലത്തെ മുപ്പതോളം തെങ്ങുകൾ കഴിഞ്ഞവർഷം കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
മാത്യു പുത്തൻപറമ്പിൽ, ബെന്നി ഇടക്കുന്നേൽ, ജോർജ് കാവുങ്കൽ, റോബർട്ട് അറക്കൽ, വെട്ടിക്കാട്ടിൽ പാപ്പച്ചൻ, ലാലി ജോയി ചെമ്മരപ്പറമ്പിൽ എന്നിവരുടെ കൃഷികൾക്കാണ് വലിയ നാശം നേരിട്ടത്. ജോർജ് കാവുങ്കലിന്റെ നിരവധി കൂറ്റൻ കശുമാവുകൾ ആനക്കൂട്ടം ചവിട്ടിവീഴ്ത്തി. രണ്ടര ഏക്കളോളം വരുന്ന കൃഷിയിടത്തിലാണ് നാശംവിതച്ചത്. ലാലി ജോയി ചെമ്മരപ്പറമ്പിലിന്റെ വീട്ടിൽനിന്ന് 10 മീറ്റർ അകലെയെത്തിയ ആന വാഴയും കുരുമുളകുചെടിയും വ്യാപകമായി നശിപ്പിച്ചു. ആനഭീഷണിയെ തുടർന്ന് രാത്രിയിൽ ഇവർ മലക്ക് താഴെയുള്ള ബന്ധുവീട്ടിലാണ് അഭയം പ്രാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.