വി.പി. ഹനീഫയുടെ മൃതദേഹം കരക്കെത്തിച്ചപ്പോൾ
പേരാവൂർ: കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫ(43)ക്ക് നാടിന്റെ യാത്രാമൊഴി. നാലാം ദിവസം നടത്തിയ തിരച്ചിലില്‍ കാഞ്ഞിരപ്പുഴ സർവിസ് സ്റ്റേഷന് പിറകുവശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പെയ്ത തേങ്ങ ശേഖരിക്കുന്നതിനിടയിൽ കാഞ്ഞിരപ്പുഴയുടെ ഒഴുക്കിൽ അകപ്പെട്ടായിരുന്നു ആളുകൾ നോക്കിനിൽക്കെ ഹനീഫ മുങ്ങിത്താഴ്ന്നത്. കാഞ്ഞിരപ്പുഴയിൽ ചെറുപ്പം മുതൽ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന തേങ്ങകൾ ശേഖരിക്കുന്ന ശീലമായിരുന്നു ഹനീഫക്ക്. ഒഴുക്കിലകപ്പെട്ട തൊണ്ടിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ കാഞ്ഞിരപ്പുഴ സർവിസ് സ്റ്റേഷന് പിന്നിലെ പുഴയിൽ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
എല്ലാവർക്കും പ്രിയങ്കരനായിരുന്ന ഹനീഫയുടെ വിയോഗം നാടിനും നൊമ്പരമായി. തിങ്കളാഴ്ച രാവിലെ മുതൽ കൽപറ്റയിൽ നിന്നുള്ള 12 പേർ അടങ്ങിയ തുർക്കി ജീവൻരക്ഷ സമിതിയിലെ നീന്തൽവിദഗ്ധ സംഘവും പേരാവൂർ ഫയർഫോഴ്സും മോണിങ് ഫൈറ്റേഴ്സ് അക്കാദമിയിലെ വിദ്യാർഥികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പേരാവൂർ ഫയർഫോഴ്സിനെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ അടിഞ്ഞ മരങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്.
തലശ്ശേരി ആർ.ഡി.ഒയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ സി.വി. പ്രകാശൻ, ഇരിട്ടി താലൂക്ക് തഹസിൽദാർ എൻ. സീമ, ഡെപ്യൂട്ടി തഹസിൽദാർമാരായ ബിജി ജോൺ, ജോമോൻ മാത്യു, വില്ലേജ് ഓഫിസർമാരായ റോയ് ചാക്കോ, എം. രാജീവൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. പേരാവൂർ ഹൗസ് സ്റ്റേഷൻ ഓഫിസർ എസ്. അസീമിന്റെയും സബ് ഇൻസ്പെക്ടർ സി. സനീദിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെ കൊട്ടം ചുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.