കണ്ണൂർ സിവിൽ സ്റ്റേഷന് മുന്നിൽ ബസിനുമുകളിൽ
കുരുങ്ങിയ വൈദ്യുതികമ്പി കെ.എസ്.ഇ.ബി ജീവനക്കാർ
ഉയർത്തിക്കെട്ടുന്നു
കണ്ണൂർ: നഗരമധ്യത്തിൽ ലോറിയിടിച്ച് മുറിഞ്ഞ് തൂങ്ങിയ വൈദ്യുതിക്കമ്പി ഓടുന്ന ബസുകളിൽ കുരുങ്ങിയത് പരിഭ്രാന്തി പരത്തി. കാൾടെക്സിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ ലോറിയിടിച്ച് സ്റ്റേവയർ മുറിഞ്ഞ് വൈദ്യുതിക്കമ്പി റോഡിലേക്ക് താഴ്ന്നത്.
വ്യാപാരികൾ വിവരമറിയിച്ച് വാഹനങ്ങൾ നിർത്തിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. സിവിൽ സ്റ്റേഷൻ ഭാഗത്ത് നിന്ന് റോഡിന് എതിർവശത്തെ ഫ്യൂസിലേക്ക് പോകുന്ന പ്രധാന ലൈനാണ് മുറിഞ്ഞുതാഴ്ന്നത്. പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസിലും കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലും വൈദ്യുതിക്കമ്പി കുരുങ്ങി.
സമീപത്തെ വ്യാപാരികൾ കമ്പി പൊട്ടിയ കാര്യം വിളിച്ചുപറഞ്ഞെങ്കിലും ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത ബസുകളിലെ മുകൾഭാഗത്തെ ടയർ കാരിയറിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ജീവനക്കാർ പരിഭ്രാന്തരായ യാത്രക്കാരെ ഇറക്കി. ബസ് മുന്നോട്ട് എടുത്തതോടെ വൈദ്യുതി തൂൺ റോഡിലേക്ക് അൽപം ചെരിഞ്ഞു.
ഇതിനിടെ സ്വകാര്യ ബസിലെ ക്ലീനർ ബസിന് മുകളിൽ കയറി മരക്കമ്പ് ഉപയോഗിച്ച് സാഹസികമായി കമ്പിമാറ്റി വണ്ടി മുന്നോട്ടെടുത്തു. കെ.എസ്.ആർ.ടി.സി ജീവനക്കാർ കമ്പി മാറ്റാൻ ശ്രമിച്ചെങ്കിലും ബസിൽ കുരുങ്ങിനിന്നു. ഇതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി ചെറുവാഹനങ്ങൾ റോഡിന് അരികിലൂടെ കടത്തിവിട്ടു. സംഭവസ്ഥലത്ത് എത്തിയവരും പൊലീസും 200 മീറ്റർ അകലെയുള്ള കെ.എസ്.ഇ.ബി ഓഫിസിൽ വിവരം അറിയിച്ചെങ്കിലും ഗതാഗതക്കുരുക്കിൽ കുടുങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് ജീവനക്കാർ എത്തിയത്.
ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതിബന്ധം ഓഫാക്കിയശേഷം കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിൽ കയറി വൈദ്യുതികമ്പി ഉയർത്തിക്കെട്ടി. അരമണിക്കൂറിന് ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. ഉയരമുള്ള കണ്ടെയ്നർ ലോറികൾ കടന്നുപോകുമ്പോൾ വൈദ്യുതിക്കമ്പികളും കേബിളുകളും പൊട്ടാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.