ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയന്റിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ സി.പി.എം നേതാവുൾപ്പെടെ രണ്ടു പേരെ ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തു. സി.പി.എം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി അംഗവും പാലപ്പുഴ കൂടലാട് ബ്രാഞ്ച് സെക്രട്ടറിയുമായ ദേവാർ ഹൗസിൽ എ. രഞ്ജിത്ത് (32), സി.പി.എം പ്രവർത്തകൻ മുഴക്കുന്ന് ഗ്രാമം ഗുണ്ടികയിലെ കൈമടയൻ ഹൗസിൽ അക്ഷയ് (25) എന്നിവരെയാണ് ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇതേ കേസിൽ ഉൾപ്പെട്ട രണ്ടു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
രഞ് ജിത്തിനെ പാലപ്പുഴ കൂടാലാടിലെ വീട്ടിൽ നിന്നും അക്ഷയിനെ വീടിന് സമീപത്തെ റോഡിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കീഴ്പ്പള്ളി വളയംകോട് പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൂന്നുലക്ഷം രൂപ കൈവശപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് അറസ്റ്റിലായ രഞ് ജിത്ത്. മുഴക്കുന്ന് ഗ്രാമം സ്വദേശിയായ അക്ഷയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എടക്കാനം ആക്രമണവുമായി ബന്ധപ്പെട്ട് വധശ്രമം ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം 15 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കാക്കയങ്ങാട് പാലപ്പുഴ സ്വദേശി ദീപ് ചന്ദാണ് (34) എടക്കാനം ആക്രമണ കേസിലെ ഒന്നാം പ്രതി. മുഴക്കുന്ന് കായപ്പനച്ചി സ്വദേശിയും സി.പി. എം പ്രവർത്തകനുമായ അട്ടാപ്പി എന്ന ശ്രീലാൽ (24), കാക്കയങ്ങാട് പാലപ്പുഴ കൂടലാട് സ്വദേശിയും സി.പി.എം പ്രവർത്തകനുമായ സുജീഷ് (23) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഒന്നാം പ്രതി ദീപ് ചന്ദ് ഉൾപ്പെടെയുള്ള 11 പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുന്നതായി ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷണൻ പറഞ്ഞു.
എടക്കാനത്ത് ആക്രമണം നടത്തി തിരിച്ചു പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ കാറിലുണ്ടായിരുന്ന ചിലർക്ക് പരിക്കേറ്റിരുന്നു. ഇവിടെ നിന്ന് മറ്റൊരു കാറിൽ രക്ഷപ്പെട്ട പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച മറ്റൊരു വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
വഴിയിൽ നിർത്തിയിരുന്ന ബൈക്ക് ഉൾപ്പെടെ ഇടിച്ച് തെറുപ്പിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. അക്രമികൾ ഉപയോഗിച്ച മൂന്നു വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എടക്കാനം പുഴക്കരയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ അക്രമി സംഘം സഞ്ചരിച്ച വാഹനം കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് വിഭാഗം ഉൾപ്പെടെയുള്ള സംഘം പരിശോധിച്ചു. വാഹന ഉടമയെ അടക്കം തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.