സൂപ്പർ ലീഗ് കേരള: ഒന്നാമതാകാൻ ഇന്ന് കണ്ണൂരും ഫോഴ്സയും
കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും ഫോഴ്സ കൊച്ചി എഫ്.സിയും ഇന്ന് നേർക്കുനേർ. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് കണ്ണൂർ വാരിയേഴ്സ് നാല് പോയന്റും ഫോഴ്സ കൊച്ചി അഞ്ച് പോയന്റും നേടിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിൽ തൃശൂർ മാജിക്കിനെ 1–0ന് തോൽപിച്ച കണ്ണൂർ, തിരുവനന്തപുരം കൊമ്പൻസിനെതിരായ തൊട്ടടുത്ത മത്സരത്തിൽ 1–1 സമനിലക്കുശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. അതേസമയം, ഫോഴ്സ കൊച്ചി മലപ്പുറത്തെ 1–0ന് തോൽപ്പിക്കുകയും തൃശൂർ മാജിക്കിനെതിരെ സമനിലക്കുശേഷം പെനാൽറ്റിയിൽ ജയിക്കുകയും ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിന് സ്വന്തം മൈതാനത്ത് മൂന്ന് പോയന്റ് നേടാനുള്ള അവസരമാണിത്. മികച്ച ഫോമിലുള്ള ഫോഴ്സ കൊച്ചിക്കെതിരെ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും ഫോഴ്സ കൊച്ചി എഫ്.സിയും തമ്മിലുള്ള മത്സരംകൂടിയാകും കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിലെ പോരാട്ടം. സ്വന്തം തട്ടകത്തിൽ ആരാധകർക്ക് മുന്നിൽ തിരിച്ചു വരവ് നടത്താനാകും കണ്ണൂർ വാരിയേഴ്സിന്റെ ശ്രമം. മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കിട്ടുന്ന അവസരം ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ടീമിന് വിനയാകുന്നത്. രണ്ട് മത്സരത്തിലും ഓരോ ഗോൾ വീതം മാത്രമാണ് നേടിയത്. അവസാനം കളിച്ച രണ്ടു മത്സരത്തിലെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഫോഴ്സ കൊച്ചി എത്തുന്നത്.
ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സിയെയും രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെ പെനാൽറ്റിയിലും തോൽപിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ടീമിന്റെ മികവ് കണ്ണൂർ യോദ്ധാക്കൾക്ക് വെല്ലുവിളിയാണ്. മികച്ചതാണെങ്കിലും ആക്രമണത്തിൽ സ്ട്രൈക്കർമാർക്ക് ലക്ഷ്യം കണ്ടെത്താൻ സാധിക്കാത്തത് ടീം നേരിടുന്ന വെല്ലുവിളിതന്നെയാണ്. എന്നാൽ, ഏതു ടീമിനെയും മറികടക്കാനുള്ള കരുത്ത് കണ്ണൂർ ടീമിനുണ്ട്. വിജയിക്കുന്ന ടീമിന് പോയൻറ് പട്ടികയിൽ ഒന്നാമത് എത്താം. വെള്ളിയാഴ്ച രാത്രി 7.30 നാണ് മത്സരം. ലീഗ് ഘട്ടത്തിലെ മത്സരം 90 മിനിറ്റിനുശേഷം സമനിലയായാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.