ഹംസ
സ്വപ്നം ബാക്കിയാക്കി ‘ആനവണ്ടി’ ഹംസ യാത്രയായി
ഇരിട്ടി: പ്രാണനേക്കാളുപരി കെ.എസ്.ആർ.ടി.സിയെ അരനൂറ്റാണ്ടോളം സ്നേഹിക്കുകയും സേവകനാകുകയും ചെയ്ത തണലോട്ട് ഹംസ എന്ന ആനവണ്ടി ഹംസ വിടവാങ്ങിയത് ഇരിട്ടിയിൽ കെ.എസ്.ആർ.ടി.സി സബ് സ്റ്റേഷൻ എന്ന സ്വപ്നം ബാക്കിയാക്കി. ചെറിയ പ്രായം മുതൽ ചുമട്ടുതൊഴിലാളിയായി ദീർഘകാലം ഇരിട്ടി ടൗൺ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തൊഴിലെടുത്തിരുന്ന ഹംസ ആനവണ്ടി എന്നറിയപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ആരാധകൻ കൂടിയായിരുന്നു.
ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് ദീർഘദൂര -ഹ്രസ്വദൂര കെ.എസ്.ആർ.ടി.സി ബസിന്റെയും അന്തർസംസ്ഥാന സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി റൂട്ട് സംബന്ധിച്ചും സമയപ്പട്ടിക സംബന്ധിച്ചുള്ള വിവരങ്ങളും നൽകിയിരുന്നത് ബസ് സ്റ്റാൻഡ് ചുമട്ടുതൊഴിലാളിയായിരുന്ന ഹംസയാണ്. കെ.എസ്.ആർ.ടി.സിയോടുള്ള ഹംസയുടെ താൽപര്യം പരിഗണിച്ച് ഹംസയുടെ വിവാഹത്തിന് സൗജന്യമായി കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ കെ.എസ്.ആർ.ടി.സി അധികൃതൽ കണ്ണൂർ ഡിപ്പോയിൽ ബസ് ക്ലീനിങ് ജോലി നൽകിയിട്ടും ഹംസ സ്നേഹത്തോടെ നിഷേധിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഏതു ഭരണം വന്നാലും കെ.എസ്.ആർ.ടി.സി വകുപ്പു മേധാവികളുടെ ഇഷ്ടക്കാരനായിരുന്നു ഹംസ. വകുപ്പുമേധാവികളിൽ ഭൂരിഭാഗം പേരുമായും അടുത്തു ബന്ധം സൂക്ഷിക്കുന്ന ഹംസ ഇരിട്ടി പയഞ്ചേരി മുക്കിൽ കെ.എസ്.ആർ.ടി.സിയുടെ ഒരു സബ് ഡിപ്പോ ആരംഭിക്കുമെന്ന് വർഷങ്ങൾക്കു മുമ്പേ ഉണ്ടായ പ്രഖ്യാപനത്തിൽ ഏറെ സന്തോഷിച്ചിരുന്നത് ആനവണ്ടി ഹംസയായിരുന്നു പിന്നീട് ഇതു സംബന്ധിച്ച് തീരുമാനങ്ങളോ പ്രവർത്തനങ്ങളോ ഉണ്ടാകാത്തതിൽ ആശങ്ക പങ്കുവെച്ച് ഹംസതന്നെ നിരന്തരം വകുപ്പുമേധാവികളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലും ആഗ്രഹം പൂർത്തിയാക്കുന്നതിനുമുമ്പേ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.