ഏഴോം അവത്തെകൈ കൈപ്പാടിലെ നെൽകൊയ്ത്ത്
ഏഴോം കൈപ്പാടുകളിൽ ഇനി കൊയ്ത്തിന്റെ നാളുകൾ
പഴയങ്ങാടി: കണ്ണൂരിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്തിലെ കൈപ്പാടുകളിൽ ഇനി കൊയ്ത്തിന്റെ നാളുകൾ. ആദ്യഘട്ടമായി ഏഴോം അവത്തെകൈ കൈപ്പാടുകളിലാണ് ഇപ്പോൾ നെല്ല് കൊയ്തെടുക്കുന്നത്. പരമ്പരാഗത വിത്തായ കുതിരാണ് ഇവിടെ കൃഷിക്കുപയോഗിച്ചത്. ഏഴോം കൈപ്പാടുകളിൽനിന്നുതന്നെ കാർഷിക സർവകലാശാലയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഏഴോം -1 , ഏഴോം - 4 നെൽവിത്തുകളും ഏഴോം കൈപ്പാടുകളിൽ കൃഷി ചെയ്തിരുന്നു. ഇവ പാകമാകാൻ രണ്ടാഴ്ചയോളം ഇനിയും സമയമെടുക്കും.
കഴിഞ്ഞ വർഷത്തെക്കാൾ കുറവായിരുന്നു ഇപ്രാവശ്യത്തെ കൈപ്പാട് കൃഷി. ത്രിതല പഞ്ചായത്ത് സഹായത്തോടെ 40 ഏക്കറോളം കൈപ്പാടുകളിലാണ് ഇപ്രാവശ്യം കൃഷിയിറക്കിയത്. മഴയുടെ കുറവ് ഉൽപാദനത്തെ ബാധിച്ചതായി കർഷകർ പറഞ്ഞു. തദ്ദേശീയരായ തൊഴിലാളികൾ തന്നെയാണ് ഏഴോം കൈപ്പാടുകളിൽ കൊയ്യുന്നത്.
കാർഷിക ഭൂപടത്തിൽ കൈപ്പാടുകളിലും പാടങ്ങളിലും നെല്ലുൽപാദിപ്പിക്കുന്ന കണ്ണൂർ ജില്ലയിലെ ശ്രദ്ധേയ സാന്നിധ്യമായ ഏഴോം പഞ്ചായത്തിലെ കൈപ്പാട് നെൽകൃഷിയുടെ ആദ്യഘട്ടം കൈപ്പാടുകളിൽ പൊറ്റയൊരുക്കുന്ന ജോലികളാണ്. നവംബർ മുതൽ കൈപ്പാടുകളിൽ ഉപ്പുവെള്ള സാന്നിധ്യമാവുന്നതിനാൽ ഓരുജലം കയറുന്നതിനു മുമ്പേ കൈപ്പാടുകളിലെ കൃഷി പ്രവൃത്തികൾ പൂർത്തീകരിക്കുന്നു. ഭൗമ സൂചിക പട്ടികയിൽ ഇടം നേടിയ കൈപ്പാട് അരി ലോകോത്തര വിപണി കീഴടക്കിയ ഉൽപന്നമായതോടെ കൈപ്പാട് അരിക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണെന്ന് ഏഴോം പഞ്ചായത്തിലെ പ്രമുഖ പരമ്പരാഗത കർഷകനും മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാനും ഏഴോം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.