അതിർത്തി കടന്നെത്തുന്ന പച്ചക്കറികൾ സുരക്ഷിതമോ? പരിശോധനയില്ലെന്ന് പരാതി
കേളകം: അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ദിവസേനയെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനി ഉൾപ്പെടെയുള്ള വിഷാംശങ്ങൾ പരിശോധിക്കുന്ന സംവിധാനം കാര്യക്ഷമമല്ലെന്ന പരാതി ശക്തമാകുന്നു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് ലോഡ് പച്ചക്കറികളും പഴവർഗങ്ങളുമാണ് വിവിധ ഇടനാഴികളിലൂടെ കേരളത്തിലെത്തുന്നത്. ഇവയിൽ ഭക്ഷ്യയോഗ്യതയും വിഷാംശസാന്നിധ്യവും പരിശോധിക്കുന്നതിന് മതിയായ പരിശോധന നടക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയാണുയരുന്നത്.
പച്ചക്കറിയുൽപാദനത്തിൽ കീടനാശിനികളും മറ്റ് കാർഷിക രാസവസ്തുക്കളും ഉപയോഗിക്കുന്നതിനാൽ അവയുടെ അവശിഷ്ടങ്ങൾ ഭക്ഷ്യവസ്തുക്കളിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. കേരളത്തിലെ പ്രധാന പച്ചക്കറിവിപണികളിലേക്കും മൊത്തവിതരണകേന്ദ്രങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിൽനിന്ന് വലിയതോതിൽ ഉൽപന്നങ്ങൾ എത്തുന്നുണ്ട്.
പുലർച്ചെതന്നെ വിവിധ വാഹനങ്ങളിലായെത്തുന്ന ലോഡുകൾ വിപണികളിലേക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യപ്പെടുന്നു. പരിശോധനസംവിധാനം ദുർബലമായാൽ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാതെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്താനുള്ള സാധ്യത വർധിക്കുമെന്നാണ് പറയുന്നത്.
മുമ്പുണ്ടായിരുന്ന പരിശോധനസംവിധാനങ്ങൾ ഇപ്പോൾ ശുഷ്കമായതായാണ് വ്യാപാരികളും ഉപഭോക്താക്കളും ചൂണ്ടിക്കാട്ടുന്നത്. സ്ഥിരമായ സാമ്പിൾ ശേഖരണം, ലാബ് പരിശോധന, അതിർത്തി ചെക്ക്പോസ്റ്റുകളിലെയും പ്രധാന വിപണികളിലേയും പരിശോധനയും ശക്തമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.