കണ്ണൂർ: മൂന്നരവയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രത നിർദേശം. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയിൽ വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത്. കണ്ണൂർ തയ്യിൽ സ്വദേശിയായ മൂന്നരവയസുകാരനെ കനത്ത പനിയുമായി നാല് ദിവസം മുമ്പാണ് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനിക്കൊപ്പം അപസ്മാര ലക്ഷണം അനുഭവപ്പെട്ടതോടെ അടുത്തദിവസം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വാർഡിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ലാബിൽ സി.എസ്.എഫ് പി.സി.ആർ പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരകേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുകയും സമീപ ജില്ലകളിലടക്കം മരണവും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. 97 ശതമാനത്തിലധികമാണ് മരണനിരക്ക്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
മുങ്ങിക്കുളി ഒഴിവാക്കാം
ശുദ്ധീകരിക്കാത്ത കുളങ്ങളിൽ മുങ്ങാംകുഴി ഇട്ട് കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ടാങ്കുകൾ വൃത്തിയാക്കണം. നീന്തുന്നവരും പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായും ഒഴിവാക്കണം. കിണറുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.